Skip to main content

ബേപ്പൂരിലെ മത്സ്യത്തൊഴിലാളി സമൂഹത്തെ ചേര്‍ത്തുപിടിച്ച് തീരസദസ്സ്

 

തീരദേശ മേഖലയിലെ പ്രശ്‌നങ്ങൾ കേട്ടും പരിഹാരങ്ങൾ നിർദേശിച്ചും ബേപ്പൂർ നിയോജകമണ്ഡലത്തിലെ തീരദേശ സദസ്സ്‌. തീര സദസ്സിന് മുന്നോടിയായി മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ വിഷയങ്ങൾ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു. തീരപ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കാൻ മന്ത്രി എത്തിയത് തീരദേശവാസികൾക്ക് ആശ്വാസവും പ്രശ്ന പരിഹാരത്തിനുള്ള വേദിയുമായി.

ബേപ്പൂർ തുറമുഖവുമായി ബന്ധപ്പെട്ട പരാതികൾ, ലൈഫ്, മാലിന്യനിര്‍മാര്‍ജനം, ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ, തീരദേശത്തെ റോഡുകളുടെ പുനർനിർമാണം, ഡ്രഡ്‌ജിങ് തുടങ്ങി വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. പ്രശ്നങ്ങൾ പരിഹരിക്കാൻ വേഗത്തിൽ നടപടികൾ ഉണ്ടാവുമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പുനൽകി. ബേപ്പൂർ സ്കൂൾ ഹോസ്റ്റൽ നവീകരിക്കാനും, മാറാട് പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രാഥമിക പഠനം നടത്താൻ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് മന്ത്രി നിർദേശം നൽകി.

ചടങ്ങിൽ കൗൺസിലർ കൊല്ലരത്ത് സുരേഷൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, വിവിധ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date