Skip to main content
നവ കേരളത്തിനായുള്ള വിദ്യാഭ്യാസം: സെമിനാർ സംഘടിപ്പിച്ചു 

നവ കേരളത്തിനായുള്ള വിദ്യാഭ്യാസം: സെമിനാർ സംഘടിപ്പിച്ചു 

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നവ കേരളത്തിനായുള്ള വിദ്യാഭ്യാസം  എന്ന വിഷയത്തിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം കൈവരിച്ച നേട്ടങ്ങളും വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളും സെമിനാറിൽ ചർച്ച ചെയ്തു. സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം കെ.കെ ശിവദാസൻ, കോഴികോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു കെ അബ്ദുൾ നാസർ എന്നിവർ വിഷയാവതരണം നടത്തി.

പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ.കെ ശിവദാസൻ അഭിപ്രായപ്പെട്ടു. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതിലൂടെ പഠന നിലവാരത്തിലും മാറ്റം വന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് അപ്പുറമുളള കാര്യങ്ങൾ കണ്ടു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. പ്രായോഗിക ജ്ഞാനമുള്ള ആളുകളുമായി കുട്ടികൾക്ക് ക്ലാസ് മുറികളിൽ സംവദിക്കാൻ അവസരമൊരുക്കണം. ഓരോ കുട്ടിയെയും മുന്നിൽക്കണ്ടുള്ള പഠന രീതിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലെ  സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെ കുറിച്ച് ഡോ. യു കെ അബ്ദുൾ നാസർ സംസാരിച്ചു. കൈറ്റിലൂടെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ കഴിയും. റീ സ്കിൽ പദ്ധതിയും ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി.പി മനോജ് അധ്യക്ഷത വഹിച്ചു. കെ.വി ശശി, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ പ്രവീൺ കുമർ, ബി.പി.സി ഹരീഷ് എന്നിവർ സംസാരിച്ചു.

date