Skip to main content

തുരങ്കത്തിനുള്ളിലൂടെയുള്ള നടത്തം,  ഏലത്തോട്ടം, സെൽഫി പോയിന്റ് കൗതുകമായി ടൂറിസം വകുപ്പിന്റെ സ്റ്റാൾ

തുരങ്കത്തിനുള്ളിലൂടെ നടന്ന് ഏല തോട്ടത്തിലെത്താം, ഒപ്പം സെൽഫിയുമെടുക്കാം. കോഴിക്കോട് ബീച്ചിലെ എന്റെ കേരളം പ്രദർശന വിപണന മേളയിലെത്തുന്നവർക്ക് നവ്യാനുഭവമായി സുരങ്ക. കാസർഗോഡ് ജില്ലയിലെ മലയോരങ്ങളിൽ വെള്ളത്തിനായി നിർമിക്കുന്ന തുരങ്കമായ സുരങ്കയാണ് ടൂറിസം വകുപ്പിന്റെ സ്റ്റാളിലെത്തുന്നവരുടെ ശ്രദ്ധയാകർഷിക്കുന്നത്. ചെറു വെട്ടത്തിൽ തുരങ്കത്തിനുള്ളിലൂടെയുള്ള നടത്തം കഴിഞ്ഞ് ചെന്നെത്തുന്നത് പച്ചപ്പ് നിറഞ്ഞ ഏല തോട്ടത്തിലേക്ക്. ഫോട്ടോയെടുക്കാനായി വൈക്കോലിൽ നിർമ്മിച്ച കുടിലുമുണ്ടിവിടെ. ലൈറ്റുകൾ പ്രത്യേക തരത്തിൽ ക്രമീകരിച്ചത് ഏല തോട്ടത്തെ കൂടുതൽ മനോഹരമാക്കുന്നു.

മുനിയറയുടെ മാതൃകയാണ് സ്റ്റാളിലെ മറ്റൊരു ആകർഷണം. മറയൂരിൽ വലിയ പാറക്കല്ലുകളുടെ നേർത്ത പാളി കൊണ്ട് നിർമ്മിച്ച അറകളാണ് മുനിയറ. ടൂറിസം വകുപ്പിന്റെ നേട്ടങ്ങളുടെ നേർസാക്ഷ്യമാണ് സ്റ്റാളിലൊരുക്കിയ എൽ.ഇ.ഡി വാളിൽ ദൃശ്യമാകുന്നത്. ഒപ്പം ബേപ്പൂർ ഫെസ്റ്റിന്റെയും ടൂറിസം കേന്ദ്രങ്ങളുടെയും ദൃശ്യങ്ങളുമുണ്ട്. 

മാറി കൊണ്ടിരിക്കുന്ന ചിത്രങ്ങളുള്ള സെൽഫിപോയിന്റാണ് സ്റ്റാളിലെത്തുന്നവരെ ആകർഷിക്കുന്ന മറ്റൊരു ഘടകം. മലയുടെയും കാടിന്റെയും കടലിന്റെയും സൗന്ദര്യങ്ങൾ നിറയുന്ന ചിത്രങ്ങൾക്ക് മുന്നിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും കട്ടൗട്ടിന് ഒപ്പം ചേർന്നു നിന്നും ഫോട്ടോ എടുത്താണ് സ്റ്റാളിലെത്തുന്ന പലരും മടങ്ങുന്നത്.

സമ്മാനകൂപ്പണും സ്റ്റാളിലെ ആകർഷകമാണ്. പ്രവേശനകവാടത്തിൽ നിന്നും ലഭിക്കുന്ന കൂപ്പണിൽ കേരളത്തിലെ മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള സൂചനകൾ ഉണ്ടാകും. അവ ഏതെന്ന് കണ്ടെത്തി ഉത്തരമെഴുതി ബോക്സിൽ നിക്ഷേപിക്കുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നത് കെ.ടി ഡി.സികളിലുള്ള സൗജന്യ താമസമാണ്.

date