Skip to main content
ഹൗസ്ബോട്ടിൽ കയറാം സൗജന്യമായി- ശ്രദ്ധേയമായി തുറമുഖവകുപ്പിന്റെ സ്റ്റാൾ

ഹൗസ്ബോട്ടിൽ കയറാം സൗജന്യമായി- ശ്രദ്ധേയമായി തുറമുഖവകുപ്പിന്റെ സ്റ്റാൾ

 

സൗജന്യമായി ഹൗസ് ബോട്ടിൽ കയറണമെങ്കിൽ കോഴിക്കോട് ബീച്ചിലേക്ക് വന്നാൽ മതി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ എന്റെ കേരളം പ്രദർശന വിപണനമേളയിൽ തുറമുഖവകുപ്പ് ഒരുക്കിയ സ്റ്റാളിലാണ് ഹൗസ്ബോട്ട് മാതൃക ഒരുക്കിയിട്ടുള്ളത്. കപ്പലുകളും തുറമുഖവുമായി ബന്ധപ്പെട്ട കാഴ്ചകളും വിശദവിവരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കപ്പൽ ബന്ധിപ്പിക്കുന്ന വിവിധയിനം കെട്ടുകൾ സ്റ്റാളിൽ കാണാം. ബോലൈൻ, ഐ സ്പ്ലൈസിങ് തുടങ്ങിയ കെട്ടുകൾ ഉപയോഗിക്കേണ്ട അവസരങ്ങളെക്കുറിച്ച് അധികൃതർ വിശദീകരിച്ച് നൽകും. ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ് തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

പഴയകാലത്ത് ഉപയോഗിച്ചിരുന്ന ബൈനോക്കുലർ, മെഗാഹോൺ, ദിശയറിയാനുള്ള കൊമ്പസുകൾ, റഡാർ തുടങ്ങി ഒരു കപ്പലുമായി ബന്ധപ്പെട്ടതെല്ലാം സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽപ്പെടുന്ന കപ്പലുകൾ ഉപയോഗിക്കുന്ന സ്‌മോക്ക് സിഗ്നൽ പോലെയുള്ള വ്യത്യസ്ത സംവിധാനങ്ങളെക്കുറിച്ചും ഇവിടെ നിന്നും മനസ്സിലാക്കാം. ചരക്കുകപ്പലിന്റെയും നങ്കൂരമിടുന്നതിന്റെയുമെല്ലാം മാതൃക സ്റ്റാളിലുണ്ട്. കാണാൻ എത്തുന്നവർക്ക് ഹൗസ്ബോട്ടിനു മുന്നിലെ കപ്പൽ സ്റ്റിയറിങ് തിരിച്ചു നോക്കി ഫോട്ടോയുമെടുത്ത് മടങ്ങാം.

date