Skip to main content

മീനിനെ കാണാം, പഠിക്കാം; ഫിഷറീസ് വകുപ്പിന്റെ പ്രദർശനം

 

ഒരു കിലോഗ്രാമിൽ കൂടുതൽ തൂക്കമുള്ള ഭീമൻ കായൽഞണ്ട്, വെള്ളത്തിൽ നീന്തിത്തുടിച്ച് ആസാംവാളയും കരിമീനും. ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിൽ കാണാനും അറിയാനും ഏറെയുണ്ട്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് സ്റ്റാൾ. 

മീനുകളെ തൊട്ടടുത്ത് കാണാനും കൂടുതൽ പഠിക്കാനും വഴിയൊരുക്കുകയാണ് ഫിഷറീസ് വകുപ്പ്.  കയറ്റുമതി ഗുണമേന്മയുള്ള വനാമി ചെമ്മീൻ, കല്ലുമ്മക്കായ, കരിമീൻ, നൈൽ തിലാപ്പിയ, ആസാംവാള, വരാൽ, നാടൻ മുഷി, അനാബസ് എന്നീ മീനുകളാണ് ഉള്ളത്. മീനുകളെ കുറിച്ചുള്ള ചെറുവിവരണങ്ങളും കാഴ്ചക്കാരിൽ കൗതുകം തീർക്കുന്ന മത്സ്യബന്ധന ബോട്ടുകളുടെ പ്രതീകാത്മക രൂപങ്ങളും സ്റ്റാളിൽ ഉണ്ട്‌. 

സംയോജിത കൃഷി രീതിയായ മിനി അക്വപോണിക് മാതൃകയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട രീതികൾ, മാർഗങ്ങൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫിഷറീസ് വകുപ്പ് മുഖേന നൽകുന്ന സഹായ പദ്ധതികളുടെ വിവരങ്ങളും സ്റ്റാളിൽ ലഭ്യമാണ്.

date