Skip to main content

തെളിവ് മായ്ക്കാൻ ശ്രമിക്കണ്ട; ഫിംഗർ പ്രിന്റ് അത്ര നിസ്സാരമല്ല

 

തെളിവുകളൊന്നും ശേഷിപ്പിച്ചിട്ടില്ല എന്ന വിശ്വാസത്തില്‍ കുറ്റകൃത്യം നടത്തി രക്ഷപ്പെടാൻ വരട്ടെ, നിങ്ങൾ അറിയാതെ അവശേഷിപ്പിച്ച ഓരോ തെളിവും അദൃശ്യമായി കിടക്കുന്നുണ്ട്. ബാക്കിവെച്ച തെളിവുകൾ എന്തൊക്കയാണെന്ന് അറിയാനും അവ എങ്ങനെ കണ്ടെത്തുമെന്നും സംശയമുണ്ടോ ....
എങ്കിൽ നേരെ  കോഴിക്കോട്  ബീച്ചിൽ  ഒരുക്കിയ എന്റെ കേരളം പ്രദർശന വിപണന മേളയിലേക്ക് പോന്നോളൂ. കേരള പോലീസ് സ്റ്റാളിലെത്തിയാൽ ഫോറൻസിക് വിഭാഗം എങ്ങനെ തെളിവുകൾ കണ്ടെത്തുന്നു എന്നറിയാൻ സാധിക്കും.

രക്ഷപ്പെടുന്ന ഓരോ കുറ്റവാളിയുടെയും പേടിസ്വപ്നമാണ് പോലീസിന്‍റെ ഫോറൻസിക് സയൻസ് ലാബുകൾ. തെളിവുകളൊന്നുമില്ലെന്ന് കുറ്റവാളി ഉറപ്പാക്കിയാലും മായ്ക്കപ്പെടാതെ കിടക്കുന്ന വിരലടയാളമോ, മുടിനാരിഴയോ, രക്തക്കറയോ മാത്രം മതി അന്വേഷണത്തിന് ഒരു തുമ്പുണ്ടാക്കാൻ .
 കുറ്റകൃത്യം സംഭവിച്ച സ്ഥലത്തുനിന്ന്  ശാസ്ത്രീയമായി ഇവ  ശേഖരിച്ച്  ഫോറൻസിക് വിഭാഗം പ്രതികളെ കണ്ടെത്താൻ വഴിയൊരുക്കും.  പ്രമാദമായ നിരവധി കേസുകളാണ്  ഫോറൻസിക് പരിശോധനയിലൂടെ തെളിയിച്ചിട്ടുള്ളത്. എങ്ങനെയാണ്  തെളിവുകൾ ശേഖരിക്കുന്നതെന്നും അത് കണ്ടെത്തുന്ന രീതിയും ഫോറൻസിക് സയൻസ് ലാബിലെ വിദഗ്ദ്ധര്‍ കൗണ്ടറിൽ നിന്ന് വിവരിച്ചുനല്‍കുന്നുണ്ട്.
 സംഭവസ്ഥലത്തുനിന്ന് ലഭിക്കുന്ന അതിസൂക്ഷ്മ തെളിവുകളിൽപ്പെടുന്ന മുടിയുടെ ആന്തരിക ഘടന പരിശോധിക്കാൻ കഴിയുന്ന കോമ്പൗണ്ട് മൈക്രോസ്കോപ്പ്, നഖത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തി വിശകലനം ചെയ്യുന്ന സൂം സ്റ്റീരിയോ മൈക്രോസ്കോപ്പ് എന്നിവ കാണാനും പ്രവർത്തനം മനസിലാക്കാനും സ്റ്റാളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. 
കൂടാതെ വിരലടയാളം ഉൾപ്പടെ അൾട്രാവയലറ്റ് കിരണങ്ങൾ പ്രകാശിപ്പിച്ചാൽ ദൃശ്യമാകുന്നതും നേരിൽ കാണാം. തെളിവുകൾ കണ്ടെത്താനായി ഫോറൻസിക് ഉപയോഗിക്കുന്ന വിവിധ രാസ പദാർത്ഥങ്ങളും ഉപകരണങ്ങളും ഇവിടെയുണ്ട്. കൂടാതെ കള്ളനോട്ട് എളുപ്പം കണ്ടെത്താനുള്ള യു.വി ചേംബറും  ഇവിടെയുണ്ട്.

date