Skip to main content

കരുതലും കൈത്താങ്ങും : പരാതി പരിഹാര അദാലത്തിന് ഇന്ന് ( തിങ്കളാഴ്ച ) തുടക്കം

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന താലൂക്ക് തല അദാലത്തിന് ഇന്ന് ( തിങ്കളാഴ്ച ) തൊടുപുഴയിൽ തുടക്കമാകും. തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിലാണ് അദാലത്ത് നടക്കുക. ' കരുതലും കൈത്താങ്ങും' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ,സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ എന്നിവർ നേതൃത്വം നൽകും. നേരിട്ടും , ഓൺലൈൻ വഴിയും , അക്ഷയ കേന്ദ്രങ്ങൾ വഴിയും പരാതികൾ നൽകുന്നതിന് പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. ലഭിച്ച പരാതികളിൽ പരമാവധി പരിഹാരം കാണാൻ ശ്രമിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. തൊടുപുഴയടക്കം എല്ലാ താലൂക്കുകളിലും അദാലത്തിന് വേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

ദേവികുളം താലൂക്ക് അദാലത്ത് മെയ് 17 ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിലും , പീരുമേട് താലൂക്ക് അദാലത്ത് മെയ് 19 ന് കുട്ടിക്കാനം കുടുംബ സംഗമം ഓഡിറ്റോറിയത്തിലും, ഉടുമ്പഞ്ചോല താലൂക്ക്‌ അദാലത് മെയ് 22 ന് നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിലും. ഇടുക്കി താലൂക്ക്‌ അദാലത് മെയ് 24 ന് ചെറുതോണി പഞ്ചായത്ത് ടൗൺഹാളിലും നടക്കും. രാവിലെ 10 മണി മുതലാകും അദാലത്തുകൾക്ക് തുടക്കമാകുക . മുൻപ് അപേക്ഷ സമർപ്പിച്ചവർക്ക് പുറമെ പുതിയതായി എത്തുന്ന അപേക്ഷകർക്കും പരാതികൾ നൽകാനുള്ള സൗകര്യം അദാലത്ത് വേദിയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും ജില്ലാ തല ഉദ്യോഗസ്ഥർ അദാലത്ത് വേദിയിൽ ഉണ്ടാകും. പൊതുജനങ്ങളുടെ പരാതികൾക്ക് ഉടനടി പരിഹാരം നൽകുകയാണ് താലൂക്ക് തല അദാലത്തുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ, പിഎസ്. എസി സംബന്ധമായ വിഷയങ്ങൾ, ജീവനക്കാര്യം, സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ മേലുള്ള ആക്ഷേപം, വായ്പ എഴുതിത്തള്ളൽ, ചികിത്സക്ക് വേണ്ടിയുള്ളത് ഉൾപ്പടെയുള്ള സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ, പോലീസ് കേസുകൾ, ഉദ്യോഗസ്ഥർക്കെതിരായവ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷകൾ, ഭൂമി സംബന്ധമായ പട്ടയങ്ങൾ, വസ്തു സംബന്ധമായ പോക്ക് വരവ്, തരം മാറ്റം റവന്യൂ റിക്കവറി സംബന്ധമായ വിഷയങ്ങൾ തുടങ്ങിയവ അദാലത്തിൽ പരിഗണിക്കില്ല.

date