Skip to main content

കാലതാമസം ഒഴിവായാല്‍ അഴിമതി സാധ്യത കുറയും -മന്ത്രി ജി.ആര്‍ അനിൽ

തീരുമാനമെടുക്കുന്നതിലെ കാലതാമസമാണ് പലപ്പോഴും അഴിമതിക്ക് വഴിതെളിക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ- ഉപഭോക്തൃ കാര്യമന്ത്രി അഡ്വ. ജി ആർ അനിൽ. തടസങ്ങളില്ലാതെ സമയബന്ധിതമായി തീരുമാനമെടുക്കുന്നതിലൂടെ ക്രമക്കേടുകള്‍ ഒഴിവാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സപ്ലൈകോയിലെ എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്(ഇ.ആര്‍.പി),
ഇ-ഓഫീസ് സംവിധാനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഫയൽ നീക്കം ഡിജിറ്റൈസ് ചെയ്യുന്ന ഇ-ഓഫീസ് സംവിധാനവും ഇ.ആർ.പി സംവിധാനവും നിലവിൽ വരുന്നതോടെ  വില്പനശാലകൾ മുതൽ കേന്ദ്ര കാര്യാലയം വരെ സപ്ലൈകോയുടെ  പ്രവര്‍ത്തന വേഗത്തില്‍ മാറ്റമുണ്ടാകും.
വിവിധ ആവശ്യങ്ങള്‍ക്കായി   27 സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്ന നിലവിലെ രീതി മാറും. ഏകോപനം കാര്യക്ഷമമാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ഇആർപി സഹായകമാകും. ജീവനക്കാരുടെ മനോഭാവത്തിലും മാറ്റം വരേണ്ടതുണ്ട്.   സപ്ലൈകോയുടെ 1600 ൽ അധികം വരുന്ന മുഴുവൻ വിൽപ്പന ശാലകളും സമയബന്ധിതമായി ഇആർപി സംവിധാനത്തിലേക്ക് മാറ്റും.

വിവര സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം സേവനങ്ങൾ കൂടുതല്‍ ജനസൗഹാര്‍ദ്ദമാക്കാന്‍ സഹായിക്കും.  പൊതുവിതരണ വകുപ്പ്  നേരത്തെ പൂർണ്ണമായും ഇ-ഓഫീസിലേക്ക് മാറിയിരുന്നു.  വകുപ്പിൽ നിലവിൽ തീർപ്പു കൽപ്പിക്കാൻ ശേഷിക്കുന്ന അപേക്ഷകളുടെ എണ്ണം 7000 ആയി കുറഞ്ഞു.  പ്രതിവർഷം  26 ലക്ഷത്തോളം അപേക്ഷകൾ ലഭിച്ചിരുന്ന സാഹചര്യത്തിലാണ് ഇത്.  നയപരമായ തീരുമാനങ്ങൾ ആവശ്യമുള്ളവയിലൊഴികെ എല്ലാ അപേക്ഷകൾക്കും വേഗത്തിൽ പരിഹാരം കാണാനായി. അപേക്ഷ ലഭിച്ച് രണ്ടു മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് നൽകിയ കേസുകളുമുണ്ട് -മന്ത്രി പറ‍ഞ്ഞു.
 
സ്കൂൾ ഫെയറിന്‍റെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

ടി.ജെ. വിനോദ് എംഎൽഎ അധ്യക്ഷനായിരുന്നു. പുതിയ സംവിധാനങ്ങള്‍ സപ്ലൈകോയുടെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കാന്‍ ഉപകരിക്കുമെന്ന്  അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി.എം. അലി അസ്ഗർ പാഷ മുഖ്യപ്രഭാഷണം നടത്തി. സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമൻ,  
നഗരസഭ കൗൺസിലർ ബിന്ദു ശിവൻ,  രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളായ കെ എം ദിനകരൻ,   മണി സി, കെ.എസ്. ഷൈജു, സുരേഷ് മുഖത്തല, എൻ.എ. മണി, ആർ. വിജയകുമാർ,  ആർ. വി. സതീഷ് കുമാർ , ഷിജു കെ. തങ്കച്ചൻ, സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ പി.ടി സൂരജ് എന്നിവർ സംസാരിച്ചു.

*ഇ.ആർ.പി*

സേവനം പരമാവധി  കാര്യക്ഷമവും സുതാര്യവുമാക്കാന്‍ ലക്ഷ്യമിട്ടാണ് സപ്ലൈകോയില്‍ എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്(ഇ.ആര്‍.പി), ഇ-ഓഫീസ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

സപ്ലൈകോയുടെ 1630ലധികം വില്‍പ്പനശാലകള്‍, 56 ഡിപ്പോകള്‍, അഞ്ചു മേഖലാ ഓഫീസുകള്‍ എന്നിവയെ സമഗ്ര രൂപരേഖയുടെ അടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിച്ചാണ്  ഇത് നടപ്പാക്കുന്നത്.

കൃത്യമായ ഏകോപനവും ഡാറ്റാ സുരക്ഷയും ഉറപ്പാക്കുന്ന ഇ.ആര്‍.പി,  വിതരണ ശൃംഖലയുടെ ഏകോപനം സുഗമമാക്കുന്നതിനും അതുവഴി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും ഉപകരിക്കും.  

സ്റ്റോക്ക്, വില്പന , വരുമാനം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ വിൽപ്പനശാലകളിലെ കമ്പ്യൂട്ടറുകളിൽ തന്നെയാണ് നിലവില്‍ സൂക്ഷിക്കുന്നത്. ഈ വിവരങ്ങള്‍ തത്സമയം ലഭ്യമല്ലാത്തത് അവശ്യ സാഹചര്യങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ നടത്തുന്നതിന് തടസമാകുന്നുണ്ട്. ഈ സ്ഥിതിയില്‍ മാറ്റമുണ്ടാക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. വിവിധ ആവശ്യങ്ങള്‍ക്കായി  27 സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്ന നിലവിലെ സ്ഥിതിക്കും ഇതോടെ മാറ്റമാകും.

date