Skip to main content
ചെങ്ങളം സൗത്ത് സർവീസ് സഹകരണ ബാങ്ക് ഹാളിൽ വനിതാ യുവജന സഹകരണ സംഘത്തിന്റെ പ്രവർത്തന ഉദ്ഘാടനവും സഹകരണ അംഗ സമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനവും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി എൻ. വാസവൻ നിർവഹിക്കുന്നു

ആദായനികുതിയിൽനിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കിയ വിധി സ്വാഗതം ചെയ്യുന്നു: മന്ത്രി വി.എൻ വാസവൻ

കോട്ടയം: ആദായനികുതിയിൽനിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കിയ സുപ്രീം കോടതി വിധി സഹകാരികൾക്കും ബാങ്കുകൾക്കും ഏറെ ആശ്വാസം നൽകുന്നതാണെന്നും കോടതി വിധിയെ  സ്വാഗതം ചെയ്യുന്നുവെന്നും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി എൻ. വാസവൻ. ചെങ്ങളം സൗത്ത് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ വനിതാ യുവജന സഹകരണ സംഘത്തിന്റെ പ്രവർത്തന ഉദ്ഘാടനവും സഹകരണ അംഗ സമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനവും നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതികളുടെ മൂന്നാമത്തെ സഹകരണ സംഘമാണ് ചെങ്ങളത്ത് ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്ന് സംരംഭങ്ങളും സംരംഭകത്വമാണ് ലക്ഷ്യമിടുന്നത്. യുവതികൾക്ക് തൊഴിലവസരങ്ങളും വരുമാനവും ഉണ്ടാക്കാനായി കൃത്യമായി പദ്ധതികൾ തയാറാക്കിക്കൊണ്ടിട്ടുള്ള സഹകരണ സംഘങ്ങളാണ് ആരംഭിക്കുന്നത്. ഇവന്റ് മാനേജ്‌മെൻറ് മുതൽ ഐടി വരെയുള്ള മേഖലകൾ ഉൾപ്പെടുന്ന 30 യൗവന സഹകരണ സംഘങ്ങൾ രൂപീകരിച്ചു കഴിഞ്ഞെന്നും അതിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 'ഈ നാട്' സഹകരണ സംഘത്തിന്റെ മാലിന്യമുക്ത പദ്ധതിയെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ചടങ്ങിൽ വനിത യുവജന സംഘത്തിന് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും മന്ത്രി കൈമാറി. ചെങ്ങളം സൗത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം കമലാസനൻ
അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യപ്രഭാഷണം നിർവഹിച്ചു. ബാങ്കുകൾക്കുള്ള ചെക്ക് വിതരണം കോട്ടയം അർബൻ ബാങ്ക് ചെയർമാൻ ടി.ആർ രഘുനാഥൻ നിർവഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ, കോട്ടയം ജോയിന്റ് രജിസ്ട്രാർ എൻ. വിജയകുമാർ, അസിസ്റ്റന്റ് രജിസ്ട്രാർ കോട്ടയം കെ.പി ഉണ്ണികൃഷ്ണൻ നായർ, കോട്ടയം ജില്ലാ യുവജന സംരംഭക പ്രസിഡന്റ് കെ.ആർ. അജയ്, തിരുവാർപ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ് ബഷീർ, ചെങ്ങളം സൗത്ത് സഹകരണ ബാങ്ക് ഡയറക്ടർ എം.കെ പ്രേംജി എന്നിവർ പ്രസംഗിച്ചു.

 

date