Skip to main content

'എന്റെ കേരളം' പ്രദർശന-വിപണന മേള മേയ് 16 മുതൽ 22 വരെ നാഗമ്പടം മൈതാനത്ത്

202 പ്രദർശന-വിപണന സ്റ്റാളുകൾ, മെഗാഭക്ഷ്യമേള,

കലാപരിപാടികൾ, സൗജന്യ സർക്കാർ സേവനങ്ങൾ

കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന-വിപണന മേള മേയ് 16 മുതൽ 22 വരെ നാഗമ്പടം മൈതാനത്ത് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും പറഞ്ഞു.

 പ്രവേശന സമയം രാവിലെ 10 മുതൽ രാത്രി 9.30 വരെയാണ്. പ്രവേശനം സൗജന്യം.മേളയുടെ ഉദ്ഘാടനം 16ന് വൈകിട്ട് നാലിന് നാഗമ്പടം മൈതാനത്ത് നടക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും.
എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
കലാ-സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യും വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ഉമ്മൻചാണ്ടി എം.എൽ.എ.യും നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ്് എം.എൽ.എ. ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും. എംപ്ലോയ്മെന്റ് കെസ്റു സ്വയംതൊഴിൽ പദ്ധതിയുടെ വായ്പ സബ്സിഡി വിതരണം സി.കെ. ആശ എം.എൽ.എ.യും കേരള സഹകരണ സമാശ്വാസ ഫണ്ട് വിതരണം മാണി സി. കാപ്പൻ എം.എൽ.എ.യും മത്സ്യകർഷകർക്കുള്ള സബ്സിഡി വിതരണം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യും ഭാഗ്യക്കുറി ക്ഷേമനിധി സ്‌കോളർഷിപ്പ് വിതരണം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ.യും നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ്, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, വിവിധ കോർപറേഷൻ ചെയർമാൻമാരായ ലതിക സുഭാഷ്, ഒ.പി.എ. സലാം, ജാസി ഗിഫ്റ്റ്, അഡ്വ. റെജി സഖറിയ, സി.കെ. ശശിധരൻ, സ്റ്റീഫൻ ജോർജ്, സണ്ണി തോമസ്, അഡ്വ. ഫ്രാൻസിസ് തോമസ്, എസ്.പി.സി.എസ്. പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗം സിൻസി പാറയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.സി. ബിജു, ഐ.പി.ആർ.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.വി. റസൽ, അഡ്വ. വി.ബി. ബിനു, നാട്ടകം സുരേഷ്, അസീസ് ബഡായിൽ, ലോപ്പസ് മാത്യൂ, ബെന്നി മൈലാഡൂർ, സജി മഞ്ഞക്കടമ്പിൽ, ജിയാഷ് കരീം, നീണ്ടൂർ പ്രകാശ്, എം.ടി. കുര്യൻ, സാജൻ ആലക്കളം, ലിജിൻ ലാൽ, ഔസേപ്പച്ചൻ തകിടിയിൽ, പി.ഒ. വർക്കി, മാത്യൂസ് ജോർജ്ജ്, ടോമി വേദഗിരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുക്കും.

സാംസ്‌കാരിക ഘോഷയാത്ര

ഉദ്ഘാടനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് രണ്ടിന് തിരുനക്കര മൈതാനത്തുനിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും. വിവിധ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ ലൈബ്രറി കൗൺസിൽ, കോർപറേഷനുകൾ, മഹാത്മാഗാന്ധി സർവകലാശാല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ  എന്നിവ വർണാഭമായ ഘോഷയാത്രയിൽ പങ്കെടുക്കും.

202 സ്റ്റാളുകൾ, മെഗാഭക്ഷ്യമേള

'എന്റെ കേരളം' പ്രദർശന-വിപണന മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും 202 സ്റ്റാളുകളാണുള്ളത്. 70 പ്രദർശന-സർവീസ് സ്റ്റാളുകളും 132 വിൽപ്പന സ്റ്റാളുകളുമാണുള്ളത്. 42000 ചതുരശ്രയടിയിൽ ശീതികരിച്ച പന്തലിലാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്. കേരളം ഒന്നാമത് പ്രദർശനം, ടൂറിസം, കിഫ്ബി പ്രദർശനം, നവീന സാങ്കേതിക വിദ്യകളും കണ്ടുപിടുത്തങ്ങളും പരിചയപ്പെടുത്തുന്ന ടെക്‌നോ സോൺ, കുട്ടികൾക്കുള്ള കായിക-വിനോദ സൗകര്യങ്ങൾ, സ്പോർട്സ് സോൺ, കാർഷിക പ്രദർശന-വിപണന മേള, സാംസ്‌കാരിക-കലാപരിപാടികൾ, രാജ്യത്തെ വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന മെഗാഭക്ഷ്യമേള, സെമിനാറുകൾ, ബിസിനസ് ടു ബിസിനസ് മീറ്റുകൾ, ഡി.പി.ആർ., സൗജന്യസർക്കാർ സേവനങ്ങൾ, വിവിധ പരിശോധനകൾ,സ്‌കൂൾ മാർക്കറ്റ്, പൊലീസ് ഡോഗ് ഷോ എന്നിവ മേളയുടെ ഭാഗമാണ്.

സൗജന്യ സർക്കാർ സേവനങ്ങൾ

വിവിധ വകുപ്പുകളുടെ സർവീസ് സ്റ്റാളുകൾ വഴി പൊതുജനങ്ങൾക്ക് സൗജന്യഓൺലൈൻ സേവനങ്ങളടക്കം ലഭ്യമാകും.
കുട്ടികളുടെ ആധാർ എൻറോൾമെന്റ്, ആധാർ എടുക്കാനും ഫോട്ടോ, ബയോമെട്രിക് വിവരങ്ങൾ അടക്കം തിരുത്തലുകൾ വരുത്തൽ, 10 വർഷത്തിനു മുകളിലായ ആധാർ പുതുക്കൽ, വോട്ടർ ഐഡി കാർഡ് സേവനങ്ങൾ, റേഷൻ കാർഡ് ഓൺലൈൻ സേവനങ്ങൾ തുടങ്ങി സർക്കാർ ഓൺലൈൻ സേവനങ്ങൾ സർവീസ് ചാർജില്ലാതെ അക്ഷയ സ്റ്റാളുകൾ വഴി ലഭ്യമാകും. ആരോഗ്യവകുപ്പിന്റെ സ്റ്റാളുകൾ വഴി സ്ത്രീകൾക്ക് സൗജന്യ ഹീമോഗ്ളോബിൻ പരിശോധന, രക്തസമ്മർദ്ദം, ഫാറ്റ് റേഷ്യോ പരിശോധന എന്നിവ ലഭ്യമാക്കും. ഇ-ഹെൽത്ത് തിരിച്ചറിയൽ കാർഡ് വിതരണവും നടക്കും. ജലത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാര പരിശോധനകളും ലഭ്യമാകും.

പ്രശസ്തരുടെ കലാപരിപാടികൾ

മേളയുടെ ഭാഗമായി എല്ലാദിവസവും വൈകിട്ട് 6.30ന് പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സംഗീത-നാടക കലാപരിപാടികൾ നടക്കും. മേയ് 20,22 തീയതികളിൽ ജില്ലയിലെ വിവിധ കോളജുകളിൽനിന്നുള്ള വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറും.  

മേയ് 16ന് പിന്നണി ഗായകരരായ ദുർഗ വിശ്വനാഥും വിപിൻ സേവ്യറും നയിക്കുന്ന ഗാനമേള
മേയ് 17ന് അക്മ കോമഡി മെഗാ ഷോ
മേയ് 18ന് പ്രസീത ചാലക്കുടിയുടെ ഓളുള്ളേരി എക്സ്പ്രസ് നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും
മേയ് 19ന് കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം 'ചന്ദ്രികയ്ക്കുമുണ്ടൊരു കഥ'
മേയ് 20ന് ചലച്ചിത്ര സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്
മേയ് 21ന് സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിക്കുന്ന 'മ്യൂസിക് മിസ്റ്ററി' ലൈവ് മ്യൂസിക് ബാൻഡ്
മേയ് 22ന് താമരശ്ശേരി ചുരം ലൈവ് ബാൻഡ്

സെമിനാറുകൾ

മേയ് 17 ന് രാവിലെ 10ന്: ആന്റി ബയോട്ടിക് ഉപയോഗവും പ്രതിരോധവും (ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം)
ഉച്ചകഴിഞ്ഞ് 1.30ന്: മാറുന്ന ഉന്നതവിദ്യാഭ്യാസ മേഖലയും കേരളവും (ഉന്നതവിദ്യാഭ്യാസ വകുപ്പ്)
മേയ് 18ന് രാവിലെ 10ന:് ശാസ്ത്രീയ പശുപരിപാലനം; പ്രായോഗിക സമീപനം (മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പുകൾ)
ഉച്ചകഴിഞ്ഞ് 1.30ന് പഠനക്ലാസ്: തൊഴിൽ മേഖലയും നിയമങ്ങളും
(തൊഴിൽ വകുപ്പ്)
മേയ് 19ന് രാവിലെ 10ന് ചർച്ചാസംഗമം: മാറുന്ന കോട്ടയം, മാലിന്യമുക്ത കോട്ടയം (മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശസ്വയംഭരണ വകുപ്പ്, ഹരിതകേരളം, ശുചിത്വമിഷൻ)
ഉച്ചകഴിഞ്ഞ് 1.30ന്: അധികവരുമാനം മൂല്യവർദ്ധിത ഉൽപന്നങ്ങളിലൂടെ
(കാർഷികവികസന-കർഷകക്ഷേമ വകുപ്പ്)
മേയ് 20ന് രാവിലെ 10ന്: ഭിന്നശേഷിയും നേരത്തേയുള്ള ഇടപെടലും(സാമൂഹിക നീതിവകുപ്പ്, വനിത-ശിശുവികസന വകുപ്പ്)
മേയ് 21ന് രാവിലെ 10ന്: തദ്ദേശീയ മത്സ്യകൃഷിയും സാധ്യതകളും (ഫിഷറീസ് വകുപ്പ്)
മേയ് 22ന് രാവിലെ 10ന്: ഉറവിട മാലിന്യസംസ്‌ക്കരണം; വെല്ലുവിളികളും നേട്ടങ്ങളും(ശുചിത്വമിഷൻ)

സമാപനസമ്മേളനം മേയ് 22ന് വൈകിട്ട് നാലിനു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും.

മേളയുമായി ബന്ധപ്പെട്ട് വിവിധ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച തീം, വിപണനം, സർവീസ്, വിദ്യാഭ്യാസം, എംപ്ലോയ്മെന്റ്, ഫുഡ് കോർട്ട്് എന്നിവയിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് പുരസ്‌കാരം നൽകും. ഘോഷയാത്രയിൽ പങ്കെടുത്ത മികച്ച മൂന്നു വകുപ്പുകൾ/സ്ഥാപനങ്ങൾക്ക് പുരസ്‌കാരം നൽകും. ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം.

മികച്ച മാധ്യമ കവറേജ് അവാർഡുകൾ

മികച്ച റിപ്പോർട്ടർ (അച്ചടിമാധ്യമം), മികച്ച ന്യൂസ് ഫോട്ടോഗ്രാഫർ (അച്ചടിമാധ്യമം), മികച്ച റിപ്പോർട്ടർ (ദൃശ്യമാധ്യമം), മികച്ച കാമറാമാൻ(ദൃശ്യമാധ്യമം), മികച്ച കവറേജ് (അച്ചടിമാധ്യമം 1,2,3 സ്ഥാനങ്ങൾ), മികച്ച കവറേജ് (ദൃശ്യമാധ്യമം 1,2,3 സ്ഥാനങ്ങൾ)
എന്നിവയ്ക്ക് പുരസ്‌കാരം നൽകും. ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. പുരസ്‌കാരത്തിനായി ബ്യൂറോചീഫിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതം എൻട്രികൾ മേയ് 23ന് വൈകിട്ട് അഞ്ചുവരെ prdktym@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് നൽകാം.

വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐ.പി.ആർ.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ.  പ്രമോദ് കുമാർ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി,  ജില്ലാ   ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ എന്നിവർ പങ്കെടുത്തു.

ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസടക്കം വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, കിഫ്ബി എന്നിവ ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്.

date