Skip to main content

അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം രാജ്യത്തിന് മാതൃക: മന്ത്രി കെ എന്‍ ബാലഗോപാല്‍

ദാരിദ്രനിര്‍മാര്‍ജനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിച്ച് ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതിലൂടെയാണ് കേരളം രാജ്യത്തിന് മാതൃകയായതെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 'കരുതലും കൈത്താങ്ങും' കൊട്ടാരക്കര താലൂക്ക്തല അദാലത്ത് മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സാധാരണ രീതിയില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ ഉണ്ട്, അതിനായാണ് അദാലത്തുകള്‍ നടത്തുന്നത്. ജനങ്ങളുടെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ വളരെയേറെ മാറ്റം കൊണ്ട് വന്നു. കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും താലൂക്ക് അദാലത്തുകള്‍ ഇക്കാര്യത്തില്‍ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, എ ഡി എം ആര്‍ ബീനാറാണി, ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ആകെ ലഭിച്ച 695 പരാതികളില്‍ 677 എണ്ണം നടപടി പൂര്‍ത്തിയാക്കി. 18 പരാതികളുടെ നടപടി തുടരുകയാണ്. ഇന്ന് മാത്രം 359 പരാതികളാണ് ലഭിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ ഏഴെണ്ണം പരിഹരിച്ചു. 23 പേര്‍ക്ക് ബി പി എല്‍ കാര്‍ഡ് വിതരണം ചെയ്തു. കൂടാതെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വര്‍ഷങ്ങളായി പരിഹാരം കാണാതിരുന്ന 16 പരാതികളിലും അദാലത്തില്‍ തീര്‍പ്പുണ്ടായി.

date