Skip to main content

ആനന്ദവല്ലിക്ക് ഇനി പെന്‍ഷന്‍ ലഭിക്കും: താലൂക്ക്തല അദാലത്തില്‍ പരിഹാരം

യൗവനകാലം മുതല്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്നു ആനന്ദവല്ലി. നിര്‍മാണമേഖലയില്‍ സ്ത്രീസാന്നിധ്യം വിരളമായിരുന്ന കാലത്താണ് ആനന്ദവല്ലി നിര്‍മാണ തൊഴിലാളിയാകുന്നത്. പതിറ്റാണ്ടുകള്‍ അഭിമാനത്തോടെ ജോലി തുടര്‍ന്നു, രണ്ട് വര്‍ഷം മുന്‍പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ജോലി നിര്‍ത്തേണ്ടിവന്നു. സ്വന്തമായി ഒരു ചെറുവരുമാനം ഇല്ലാത്ത മാനസിക പ്രയാസത്തിലായിരുന്നു ആനന്ദവല്ലി. കെട്ടിടനിര്‍മാണ ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയെങ്കിലും കാലതാമസമെടുത്തു. തുടര്‍ന്നാണ് ആനന്ദവല്ലി കൊട്ടാരക്കര താലൂക്ക്തല അദാലത്തിലെത്തുന്നത്.

പെന്‍ഷനായുള്ള അര്‍ഹത തെളിയിക്കുന്ന എല്ലാ രേഖകളും കൈയില്‍ കരുതിയിരുന്ന ആനന്ദവല്ലി മന്ത്രിമാരോട് കാര്യങ്ങള്‍ വിശദീകരിച്ചു. രേഖകള്‍ പരിശോധിച്ച ശേഷം പെന്‍ഷന്‍ ഉടന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രിമാര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശവും നല്‍കി. തന്റെ ആയുസ്സിന്റെ വലിയൊരു കാലയളവില്‍ ആത്മാര്‍ത്ഥമായി ചെയ്ത ജോലിക്കുള്ള അംഗീകാരമായാണ് ആനന്ദവല്ലിക്ക് ഈ പെന്‍ഷന്‍ തുകയിലൂടെ ലഭിക്കുന്നത്. ഇനി ചെറുതെങ്കിലും സ്വന്തമായി വരുമാനമാര്‍ഗം ആനന്ദവല്ലിക്കുണ്ടാവും.

date