Skip to main content

വീട്ടിലേക്ക് ശുഭയാത്ര ഉറപ്പ് നല്‍കി മന്ത്രിമാര്‍: ആശ്വാസത്തോടെ വയോധികന്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടമാണ് വെട്ടിക്കവല കോക്കാട് മണിമന്ദിരത്തില്‍ പൊന്നപ്പന്‍ പിള്ളയുടെ വീട്ടിലേക്കുള്ള യാത്രകളെ വേദനയാക്കിയത്. കിണര്‍ കുഴിക്കുന്ന ജോലിക്കിടയില്‍, ആഴത്തിലേക്ക് വീണതാണ്. പിന്നീട് വീല്‍ചെയറിലായി ജീവിതം. കൂടെ ഹൃദയാഘാതം കൂടി ആയപ്പോള്‍, ജീവിതം കൂടുതല്‍ ദുഷ്‌ക്കരമായി. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും ആശുപത്രിയില്‍ പോകേണ്ടി വരും. വീട്ടിലേക്കുള്ള വഴിയും പ്രധാനറോഡും തമ്മില്‍ ഉയരവിത്യാസമാണ് പ്രശ്‌നം. ഇത് കാരണം വീല്‍ചെയര്‍ പോകാന്‍ കഴിയുന്നില്ല. ഈ വഴിയില്‍ ഒരു റാമ്പ് സ്ഥാപിക്കാനുള്ള അപേക്ഷയുമായാണ് പൊന്നപ്പന്‍പിള്ള കൊട്ടാരക്കര താലൂക്ക് അദാലത്തില്‍ എത്തിയത്.

വേദിയില്‍ നിന്നും ഇറങ്ങി പൊന്നപ്പന്‍പിള്ളയുടെ അടുത്തെത്തിയാണ് മന്ത്രിമാരായ കെ എന്‍ ബാലഗോപാലും ജെ ചിഞ്ചുറാണിയും പരാതി കേട്ടത്. തുടര്‍ന്ന് ഉടനെ പ്രശ്‌നം പരിഹരിക്കാന്‍ വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. ഉടന്‍ പരിഹാരം ലഭിക്കുമെന്നും ബുദ്ധിമുട്ടേണ്ടി വരില്ലെന്നും പൊന്നപ്പന്‍ പിള്ളയ്ക്ക് ഉറപ്പും നല്‍കി. വീട്ടിലേക്ക് വേദനയില്ലാതെ പോകാന്‍ ഉടന്‍ സാധിക്കുമെന്ന ആശ്വാസത്തിലാണ് പൊന്നപ്പന്‍ പിള്ളമടങ്ങിയത്.

date