Skip to main content
മഴക്കാല മുന്നൊരുക്ക  പ്രവർത്തനങ്ങൾ  വിലയിരുത്താൻ  അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്  റെജി പി. ജോസഫിന്റെ അധ്യക്ഷതയിൽ  കളക്ടറേറ്റ്  വിപഞ്ചിക ഹാളിൽ ചേർന്ന യോഗം.

മഴക്കാല മുന്നൊരുക്കം: അവലോകന യോഗം ചേർന്നു

കോട്ടയം: മഴക്കാല മുന്നൊരുക്ക  പ്രവർത്തനങ്ങൾ  വിലയിരുത്താൻ  അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്  റെജി പി. ജോസഫിന്റെ അധ്യക്ഷതയിൽ  കളക്ടറേറ്റ്  വിപഞ്ചിക ഹാളിൽ യോഗം ചേർന്നു.  യോഗത്തിൽ  വിവിധ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും  ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന്  എ. ഡി.എം അറിയിച്ചു. ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ നടക്കും. ജില്ലാതലത്തിൽ സബ് കളക്ടർമാർ, ആർ.ഡി.ഒ. എന്നിവരും താലൂക്ക് തലത്തിൽ ഡെപ്യൂട്ടി കളക്ടർമാരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. തോടുകൾ, പുഴകൾ, മറ്റു ജല സ്രോതസ്സുകൾ എന്നിവയുടെ നീരൊഴുക്ക് സുഗമമാക്കേണ്ട നടപടികൾ പഞ്ചായത്തുകളുടെ സഹായത്തോടെ ചെറുകിട ജലസേചനവകുപ്പ് സ്വീകരിക്കാനും യോഗത്തിൽ നിർദേശം നൽകി.  
 അപകട സാധ്യതയുള്ള  മരങ്ങളുടെ ശിഖരങ്ങൾ അടിയന്തരമായി പൊതു ഇടങ്ങളിൽ നിന്നും നിരത്തുകളിൽ നിന്നും പൊതുമരാമത്ത് വകുപ്പ്  നീക്കം ചെയ്യും. സ്‌കൂളുകളിൽ അപകട സാധ്യതയുയർത്തുന്ന മരങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ മുറിച്ചുമാറ്റും. അപകട സാധ്യതയുള്ള പരസ്യബോർഡുകൾ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നീക്കം ചെയ്യും.  ലൈനിലെ തടസങ്ങൾ വെട്ടി മാറ്റി വൈദ്യുതിതകരാറുകൾ കെ. എസ്. ഇ. ബി പരിഹരിക്കും.  അപകടാവസ്ഥയിലുള്ള പോസ്റ്റുകൾ,  അപകട സാധ്യതയുള്ള കേബിളുകൾ  നീക്കം ചെയ്യാനും വൈദ്യുത വകുപ്പിന് നിർദ്ദേശം നൽകി.

ദുരന്തസാധ്യത മേഖലകൾ  അതത് തഹസിൽദാർമാർ കണ്ടെത്തണം.  പ്രദേശവാസികളെ  മാറ്റേണ്ടി വരുന്ന സാഹചര്യങ്ങളിൽ നേരത്തെ നോട്ടീസ് നൽകണം. ക്യാമ്പുകളിൽ അടിസ്ഥാന  സൗകര്യങ്ങൾ ഉറപ്പുവരുത്തണം. ക്യാമ്പിന് സമീപം  വളർത്തു മൃഗങ്ങൾക്കുള്ള  പരിപാലന കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കണ മെന്നും പ്രാദേശിക തലത്തിൽ മുന്നൊരുക്കങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വില്ലേജ് ജനകീയ സമിതിയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്ക് ഉറപ്പുവരുത്തണ മെന്നും എഡിഎം നിർദ്ദേശിച്ചു.
 

date