Skip to main content
കുമരകം ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ ടൂറിസം ഡയറക്ടർ പി. ബി. നൂഹ് സംസാരിക്കുന്നു.

ഉത്തരവാദിത്വ ടൂറിസത്തിന്റെ ലോകത്തിന് ബോധ്യപ്പെടുത്തിയതിൽ കുമരകത്തിന് പ്രധാനപങ്ക് : സെമിനാർ

കോട്ടയം: ഉത്തരവാദിത്വ ടൂറിസം ലോകത്തിന് ബോധ്യപ്പെടുത്തിയതിൽ കുമരകം പ്രധാനപങ്ക് വഹിച്ചതായി സെമിനാർ വിലയിരുത്തൽ. കുമരകം ഫെസ്റ്റ് ഓളങ്ങൾ 2023ന്റെ ഭാഗമായി സംഘടിപ്പിച്ച ടൂറിസം രംഗത്ത് കുമരകത്തിന്റെ പുത്തൻ സാധ്യതകൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് വിലയിരുത്തൽ. സെമിനാറിന്റെ ഉദ്ഘാടനം പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.

കേരളത്തിന്റെ ഭൂപ്രകൃതി, കേരള ടൂറിസത്തിൽ കുമരകത്തിന്റെ പ്രത്യേകത, ടൂറിസം രംഗത്ത് കുമരകത്തെ പിറകോട്ട് നയിക്കുന്ന ഘടകങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു. അജൈവ-ജൈവമാലിന്യസംസ്‌ക്കരണത്തിനുള്ള കൃത്യമായ പദ്ധതി തയ്യാറാക്കുന്നതെങ്ങനെയെന്നും വിലയിരുത്തലുണ്ടായി.

കുമരകം ഗ്രാമപഞ്ചായത്തിലെ 16 വാർഡിലെയും പഞ്ചായത്തംഗങ്ങൾ  ഒരു കിലോമീറ്റർ റോഡ് പ്ലാസ്റ്റിക്‌രഹിതമാക്കാൻ ശ്രമിക്കുകയാണെങ്കിൽ 16 കിലോമീറ്റർ റോഡ് പ്ലാസ്റ്റിക് രഹിതമാക്കാനാകും. കുമരകത്തിന്റെ ഓരോ ഇഞ്ച് സ്ഥലവും വിനോദസഞ്ചാരത്തെ ആകർഷിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റണമെന്നും വൃത്തിയുള്ള സാഹചര്യവും പരിസര ശുചിത്വവും പാലിച്ചു വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും മുഖ്യപ്രഭാഷണം നടത്തികൊണ്ട്  ടൂറിസം ഡയറക്ടർ പി. ബി. നൂഹ് പറഞ്ഞു.  

പഞ്ചായത്ത് ആസൂത്രണ സമിതിയംഗം കെ. എസ.് സലിമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ധന്യ സാബു, ഗ്രാമപഞ്ചായത്തംഗം സ്മിത സുനിൽ, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ രൂപേഷ് കുമാർ, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു, ദിവ്യ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

date