Skip to main content
എന്റെ കേരളം പ്രദർശന വിപണനമേളയുടെ പ്രചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നഗരവാസികൾക്കു സൗജന്യസവാരി ഒരുക്കുന്ന കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കർ വണ്ടിയുടെ കോട്ടയത്തെ കന്നിയാത്രക്കു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഫ്‌ളാഗ് ഓഫ് കർമം നിർവഹിക്കുന്നു.

തലപ്പൊക്കത്തിന്റെ ഡബിൾഡെക്കറുമായി നഗരം ചുറ്റാൻ കെ.എസ്.ആർ.ടി.സി. എത്തി

 

കോട്ടയം: നഗരത്തിന് തലപ്പൊക്കം സമ്മാനിച്ചുകൊണ്ട് ഡബിൾഡെക്കറിന്റെ തകർപ്പൻ അരങ്ങേറ്റം. മന്ത്രി വി.എൻ. വാസവനെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും ജില്ലാ കളക്ടറെയും ജില്ലാ പോലീസ് മേധാവിയെയും ജില്ലയിലെ മാധ്യമപ്രവർത്തകരെയും തലയിലേറ്റിക്കൊണ്ടു തന്നെയായിരുന്നു കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കർ ബസിന്റെ നഗരത്തിലെ കന്നിയാത്ര. കോട്ടയം നഗരത്തിൽ ആദ്യമായാണ് ഡബിൾ ഡെക്കർ ബസ് എത്തുന്നത്.
 സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്നുമുതൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസ് നിരത്തിലിറക്കിയത്. സമ്മേളനനഗരിക്കു സമീപം ബസ് എത്തിയപ്പോൾ തന്നെ കൗതുകങ്ങളുടെ സെൽഫികളുമായി ആളുകൾ ബസിനെ പൊതിഞ്ഞു. കോട്ടയം നഗരവാസികൾക്ക് പതിവില്ലാത്ത കാഴ്ചയായിരുന്നു 'പഞ്ചാരവണ്ടി' എന്നു പേരിട്ട ഡബിൾ ഡെക്കർ ബസിന്റേത്.
നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടു നടന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഡബിൾ ഡെക്കർ ബസിന്റെ കന്നിയാത്രയുടെ ഫ്‌ളാഗ് ഓഫ് കർമം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, ഐ.പി.ആർ.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ്കുമാർ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, കെ.എസ്.ആർ.ടി.സി. ജില്ലാ ഓഫീസർ ചിന്റു കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 തുടർന്ന് മന്ത്രി വി.എൻ. വാസവനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കളക്ടറും ജില്ലാ പോലീസ് മേധാവിയും അടക്കമുള്ളവർ ഡബിൾ ഡെക്കർ ബസിന്റെ മുകൾ നിലയിൽ കയറി നഗരം പ്രദക്ഷിണം വച്ചു യാത്ര ചെയ്തു. ആദ്യമായി കണ്ട ഡബിൾ ഡെക്കറിനെ വഴിയിലുടനീളം ആളുകൾ കൗതുകത്തോടെ ചിത്രങ്ങളിൽ പകർത്തുണ്ടായിരുന്നു.  
 എന്റെ കേരളം പ്രദർശന മേളയുടെ ഭാഗമായി പൊതുജനങ്ങൾക്കു കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കറിൽ സൗജന്യയാത്രയ്ക്കുള്ള അവസരം ഇൻഫർമേഷൻ പബ്ലിക് വകുപ്പ് കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് ഒരുക്കുന്നുണ്ട്. ഇന്നു(മേയ് 16) വൈകിട്ടു മുതൽ 22 വരെയാണ് യാത്രക്ക് അവസരം. എന്റെ കേരളം പ്രദർശനമേളയിലെ കെ.എസ്.ആർ.ടി.സിയുടെ സ്റ്റാളിൽനിന്ന് ലഭിക്കുന്ന സൗജന്യയാത്രാക്കൂപ്പൺ ഉപയോഗിച്ച്് ഡബിൾ ഡെക്കറിൽ മൂന്നുകിലോമീറ്റർ ചുറ്റളവിൽ നഗരം ചുറ്റാം.
 

date