Skip to main content

എന്റെ കേരളം' പ്രദർശന-വിപണന മേള ഉദ്ഘാടനം ഇന്ന്

 

ഠ ഉദ്ഘാടനം വൈകിട്ട് നാലുമണിക്ക്
ഠ ഉച്ചയ്ക്കു രണ്ടിന് സാംസ്‌കാരിക ഘോഷയാത്ര
ഠ വൈകിട്ട് 6.30ന് ദുർഗ വിശ്വനാഥും  വിപിൻ സേവ്യറും നയിക്കുന്ന ഗാനമേള

കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന-വിപണന മേള ഇന്നു      വൈകിട്ട് നാലുമണിക്ക് കോട്ടയം നാഗമ്പടം മൈതാനത്ത് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് രണ്ടിന് തിരുനക്കര മൈതാനത്തുനിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും. വിവിധ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, ജില്ലാ ലൈബ്രറി കൗൺസിൽ, കോർപറേഷനുകൾ, മഹാത്മാഗാന്ധി സർവകലാശാല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ  എന്നിവ വർണാഭമായ ഘോഷയാത്രയിൽ പങ്കെടുക്കും.
 ഉദ്ഘാടന ചടങ്ങിൽ എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
കലാ-സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യും വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ഉമ്മൻചാണ്ടി എം.എൽ.എ.യും നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ്് എം.എൽ.എ. ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും. എംപ്ലോയ്‌മെന്റ് കെസ്‌റു സ്വയംതൊഴിൽ പദ്ധതിയുടെ വായ്പ സബ്‌സിഡി വിതരണം സി.കെ. ആശ എം.എൽ.എ.യും കേരള സഹകരണ സമാശ്വാസ ഫണ്ട് വിതരണം മാണി സി. കാപ്പൻ എം.എൽ.എ.യും മത്സ്യകർഷകർക്കുള്ള സബ്‌സിഡി വിതരണം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യും ഭാഗ്യക്കുറി ക്ഷേമനിധി സ്‌കോളർഷിപ്പ് വിതരണം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ.യും നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസ്, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, വിവിധ കോർപറേഷൻ ചെയർമാൻമാരായ ലതിക സുഭാഷ്, ഒ.പി.എ. സലാം, ജാസി ഗിഫ്റ്റ്, അഡ്വ. റെജി സഖറിയ, സി.കെ. ശശിധരൻ, സ്റ്റീഫൻ ജോർജ്, സണ്ണി തോമസ്, അഡ്വ. ഫ്രാൻസിസ് തോമസ്, എസ്.പി.സി.എസ്. പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗം സിൻസി പാറയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.വി. സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.സി. ബിജു, ഐ.പി.ആർ.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.വി. റസൽ, അഡ്വ. വി.ബി. ബിനു, നാട്ടകം സുരേഷ്, അസീസ് ബഡായിൽ, ലോപ്പസ് മാത്യൂ, ബെന്നി മൈലാഡൂർ, സജി മഞ്ഞക്കടമ്പിൽ, ജിയാഷ് കരീം, നീണ്ടൂർ പ്രകാശ്, എം.ടി. കുര്യൻ, സാജൻ ആലക്കളം, ലിജിൻ ലാൽ, ഔസേപ്പച്ചൻ തകിടിയിൽ, പി.ഒ. വർക്കി, മാത്യൂസ് ജോർജ്ജ്, ടോമി വേദഗിരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുക്കും. ഉദ്ഘാടനശേഷം വൈകിട്ട് 6.30ന് പ്രശസ്ത പിന്നണി ഗായകരായ ദുർഗ വിശ്വനാഥും വിപിൻ സേവ്യറും നയിക്കുന്ന ഗാനമേള നടക്കും.
 എന്റെ കേരളം' പ്രദർശന-വിപണന മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും 202 സ്റ്റാളുകളാണുള്ളത്. 70 പ്രദർശന-സർവീസ് സ്റ്റാളുകളും 132 വിൽപ്പന സ്റ്റാളുകളുമാണുള്ളത്. 42000 ചതുരശ്രയടിയിൽ ശീതികരിച്ച പന്തലിലാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്. രാവിലെ 10 മണി മുതൽ വൈകിട്ട് 9.30 വരെയാണ് പ്രദർശനം.

കേരളം ഒന്നാമത് പ്രദർശനം, ടൂറിസം, കിഫ്ബി പ്രദർശനം, നവീന സാങ്കേതിക വിദ്യകളും കണ്ടുപിടുത്തങ്ങളും പരിചയപ്പെടുത്തുന്ന ടെക്നോ സോൺ, കുട്ടികൾക്കുള്ള കായിക-വിനോദ സൗകര്യങ്ങൾ, സ്‌പോർട്‌സ് സോൺ, കാർഷിക പ്രദർശന-വിപണന മേള, സാംസ്‌കാരിക-കലാപരിപാടികൾ, രാജ്യത്തെ വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന മെഗാഭക്ഷ്യമേള, സെമിനാറുകൾ, ബിസിനസ് ടു ബിസിനസ് മീറ്റുകൾ, ഡി.പി.ആർ., സൗജന്യസർക്കാർ സേവനങ്ങൾ, വിവിധ പരിശോധനകൾ,സ്‌കൂൾ മാർക്കറ്റ്, പൊലീസ് ഡോഗ് ഷോ എന്നിവ മേളയുടെ ഭാഗമാണ്. വിവിധ വകുപ്പുകളുടെ സർവീസ് സ്റ്റാളുകൾ വഴി പൊതുജനങ്ങൾക്ക് സൗജന്യഓൺലൈൻ സേവനങ്ങളടക്കം ലഭ്യമാകും.
കുട്ടികളുടെ ആധാർ എൻറോൾമെന്റ്, ആധാർ എടുക്കാനും ഫോട്ടോ, ബയോമെട്രിക് വിവരങ്ങൾ അടക്കം തിരുത്തലുകൾ വരുത്തൽ, 10 വർഷത്തിനു മുകളിലായ ആധാർ പുതുക്കൽ, വോട്ടർ ഐഡി കാർഡ് സേവനങ്ങൾ, റേഷൻ കാർഡ് ഓൺലൈൻ സേവനങ്ങൾ തുടങ്ങി സർക്കാർ ഓൺലൈൻ സേവനങ്ങൾ സർവീസ് ചാർജില്ലാതെ അക്ഷയ സ്റ്റാളുകൾ വഴി ലഭ്യമാകും. ആരോഗ്യവകുപ്പിന്റെ സ്റ്റാളുകൾ വഴി സ്ത്രീകൾക്ക് സൗജന്യ ഹീമോഗ്‌ളോബിൻ പരിശോധന, രക്തസമ്മർദ്ദം, ഫാറ്റ് റേഷ്യോ പരിശോധന എന്നിവ ലഭ്യമാക്കും. ഇ-ഹെൽത്ത് തിരിച്ചറിയൽ കാർഡ് വിതരണവും നടക്കും. ജലത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാര പരിശോധനകളും ലഭ്യമാകും. ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസടക്കം വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, കിഫ്ബി എന്നിവ ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്.

എന്റെ കേരളം' പ്രദർശന-വിപണന
മേളയിൽ ഇന്ന്  (മേയ് 16)

ഉച്ചയ്ക്ക് 2.00 മണി: ഘോഷയാത്ര
വൈകിട്ട് 4.00മണി ഉദ്ഘാടനം
വൈകിട്ട് 6.30: ദുർഗ വിശ്വനാഥും
വിപിൻ സേവ്യറും നയിക്കുന്ന ഗാനമേള

date