Skip to main content

ലഹരിയോടു നോ പറയാം; കായികം ലഹരിയാക്കാം

 

അനാരോഗ്യ ലഹരിയിയോട് 'നോ' പറഞ്ഞു  കായികം ലഹരിയാക്കാം എന്ന സന്ദേശവുമായി എക്സൈസ് വകുപ്പ് ഒരുക്കിയ സ്റ്റാളിൽ ജനത്തിരക്കേറുന്നു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലെ എക്സൈസ് വകുപ്പ് വിമുക്തി മിഷൻ സ്റ്റാളിലാണ് മൂന്നാം ദിവസവും തിരക്കേറുന്നത്.

ലഹരിക്കെതിരെ സന്ദേശം നൽകുന്ന പോസ്റ്ററുകൾ, പ്രസന്റേഷനുകൾ എന്നിവക്കു പുറമേ എയിം ടു ലൈഫ് നോ ടു ഡ്രഗ്സ്  എന്ന സന്ദേശം നൽകിക്കൊണ്ട്  ബാസ്ക്കറ്റ് ബോൾ ത്രോ മത്സരവും സംഘടിപ്പിക്കുന്നുണ്ട്.  മത്സരത്തിൽ പങ്കെടുത്ത് വിജയികളാവുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനാൽ നിരവധിപേരാണ് സ്റ്റാൾ സന്ദർശിക്കാനും ഗെയിമിൽ പങ്കെടുക്കാനും എത്തുന്നത്.

യുവതലമുറയെ അനാരോഗ്യ ലഹരിയിൽ നിന്നകറ്റി കായിക ലഹരിയിലേക്ക് നയിക്കുക, വിനോദങ്ങളിലേക്ക് ശ്രദ്ധയെത്തിക്കുക തുടങ്ങിയ ബോധവത്കരണമാണ് വിമുക്തി നടത്തുന്നത്. വിവിധ സ്പോർട്സ് താരങ്ങളോടൊപ്പം സെൽഫി എടുക്കാനായി സ്ഥാപിച്ച സെൽഫീ പോയിന്റുകളും  ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്‌.

പാട്ട് പാടിക്കൊണ്ട് സംഗീത ലഹരിയെ ആസ്വദിക്കാനുള്ള  അവസരവും സ്റ്റാളിൽ ഒരുക്കിയിരിക്കുന്നു. ലഹരി വിരുദ്ധ അവബോധം ജനങ്ങളിലേക്കെത്തിക്കാനായി ക്വിസ് മത്സരവും സ്റ്റാളിന്റെ ഭാഗമാണ്. മൂന്നു ദിവസങ്ങളിലായി ആയിരത്തിൽ അധികം പേരാണ് ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. ദിവസേന നറുക്കെടുപ്പിലൂടെ ശരിയുത്തരം നൽകുന്ന വിജയികൾക്ക് സമ്മാനവും നൽകുന്നുണ്ട്.

date