Skip to main content

പ്രതിരോധത്തിൽ ഊന്നിയ ആരോഗ്യ സമീപനം- സെമിനാർ സംഘടിപ്പിച്ചു

 

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണന ഹാളിലാണ്  സെമിനാർ സംഘടിപ്പിച്ചത്. "പ്രതിരോധത്തിൽ ഊന്നിയ ആരോഗ്യ സമീപനം " എന്ന വിഷയത്തിലാണ് സെമിനാർ നടത്തിയത്.

ആരോഗ്യവകുപ്പ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫയർ ട്രെയ്നിംഗ് സെന്റർ പ്രിൻസിപ്പൽ ഡോ. ഷാമിൻ പി.ആർ വിഷയാവതരണം നടത്തി. പരിസ്ഥിതിയെയും ജീവജാലങ്ങളെയും സ്നേഹിച്ചുകൊണ്ടുള്ള ആരോഗ്യ പരിപാലനമാണ് ഉണ്ടാവേണ്ടതെന്ന് അവർ പറഞ്ഞു. എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്തം എന്ന വാചകം ഇക്കാലത്ത് ഏറെ പ്രസക്തമാണ്. ചെറുപ്പം മുതൽ ആരോഗ്യകരമായ പ്രതിരോധ ശീലങ്ങൾ കുട്ടികളിൽ ഉണ്ടാക്കിയെടുക്കണമെന്നും അവർ പറഞ്ഞു. 

കൊതുക് കാരണം ഇനിയൊരു മരണം ഉണ്ടാവാതിരിക്കാൻ എല്ലാവരും ശ്രദ്ധ പുലർത്തണമെന്ന് ഡി.ഡി.സി യൂണിറ്റ് എൻഡമോളജിസ്റ്റ് കെ.ബിന്ദു പറഞ്ഞു. ഡെങ്കിപ്പനി പ്രതിരോധം എന്ന വിഷയത്തിലാണ് അവർ സംസാരിച്ചത്. രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഓരോരുത്തരും നേതൃത്വം നൽകണമെന്ന് അവർ പറഞ്ഞു. മഴക്കാലത്തിന് മുൻപ് തന്നെ ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കണം. പുനരുപയോഗം ചെയ്യാൻ കഴിയുന്ന വസ്തുക്കൾ ഉപയോഗിക്കുന്നത് വഴി മാലിന്യത്തിന്റെ അളവ് കുറയാനും കൊതുക് പെരുകുന്നത് തടയാനും സഹായകമാവുമെന്നും അവർ പറഞ്ഞു.

ജില്ലാ സർവൈവലൻസ് ഓഫീസർ ഡോ. അഖിലേഷ് കുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് ജോയ് തോമസ്, ജില്ലാ നഴ്സിംഗ് ഓഫീസർ പ്രീതി പി പി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റിജു സിപി തുടങ്ങിയവർ പങ്കെടുത്തു. ടെക്നിക്കൽ അസിസ്റ്റന്റ് ടോമി തോമസ് സ്വാഗതവും എംസിഎച്ച് ഓഫീസർ പുഷ്പ എം.പി നന്ദിയും പറഞ്ഞു.

date