Skip to main content

തീരസദസ്സ്: ചർച്ചയിൽ പരിഹാരവുമായി മന്ത്രി സജി ചെറിയാൻ 

 

തീരദേശ നിവാസികളുടെ പ്രശ്നങ്ങളും ആശങ്കകളും ചർച്ച ചെയ്തും കോഴിക്കോടിന്റെ തീരത്തെ കേട്ടറിഞ്ഞും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ കോഴിക്കോട് നോർത്ത് മണ്ഡലം തീരസദസ്സ്. തീരദേശ മേഖലയിലെ പട്ടയം സംബന്ധിച്ചുള്ള പരാതികൾ, ഹെൽത്ത് സെന്ററിന്റെ അഭാവം, സി ആർ സെഡ് നിയന്ത്രണം മൂലം മത്സ്യ തൊഴിലാളികൾക്ക് വീടുകൾ നിർമ്മിക്കാനുള്ള ബുദ്ധിമുട്ടുകൾ, തീരദേശ റോഡുകൾ, ഡ്രെയിനേജ് വിഷയങ്ങൾ,വെള്ളയിൽ ഹാർബറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, തീരദേശ മേഖലയിലെ വർധിച്ച ലഹരി ഉപയോഗം എന്നിങ്ങനെ നിരവധി വിഷയങ്ങൾ മന്ത്രിക്ക് മുൻപാകെ ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി പ്രതിനിധികളും അവതരിപ്പിച്ചു.
 
ശാന്തിനഗർ കോളനി പട്ടയം വിഷയത്തിൽ സി ആർ സെഡ് റൂൾ പ്രകാരം അർഹതയുള്ളവർക്ക് പട്ടയം നൽകാനും മറ്റുള്ളവർക്ക് പുനർഗേഹം പദ്ധതി പ്രകാരം  മാറ്റി പാർപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും മന്ത്രി നിർദേശം നൽകി. വെള്ളയിൽ ഹാർബറിൽ ലഹരി ഉപയോഗത്തിനെതിരെ സിസിടിവി സ്ഥാപിക്കുവാൻ ഫണ്ട് അനുവദിക്കാൻ മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന തീരസദസ്സിൽ തീരുമാനിച്ചു.

തീരദേശ പ്രദേശത്ത് ഹെൽത്ത് സെന്റർ സ്ഥാപിക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ സ്ഥലം അനുവദിക്കുന്നത് പരിഗണിക്കും. സ്ഥലം സന്ദർശിച്ച് മന്ത്രി കാര്യങ്ങൾ വിലയിരുത്തും. പിഡബ്ല്യുഡി, കോർപ്പറേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്ക് എംഎൽഎ,  മേയർ, ജില്ലാ കലക്ടർ,ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന യോഗം ചേർന്ന് ഉടനടി പരിഹാരം കാണാൻ മന്ത്രി നിർദേശം നൽകി.  തീരദേശകുടുംബങ്ങൾക്ക് അനുവദിച്ച പട്ടയം അടുത്ത പട്ടയമേളയിൽ   നൽകുമെന്നും മന്ത്രി അറിയിച്ചു.

വെള്ളയിൽ ഹാർബറിൽ  ഡ്രെഡ്ജിങ്ങിന്റെ ഭാഗമായി വന്ന മണൽ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകി. തീരദേശ മേഖലയിൽ ലഹരി ഉപയോഗത്തിനെതിര കൗൺസിലറുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സുകൾ ഉണ്ടാവണമെന്നും ചർച്ചയിൽ നിർദേശം വന്നു. തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ചർച്ചയിൽ സന്നിഹിതനായിരുന്നു.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, കോർപ്പറേഷൻ സെക്രട്ടറി യു ബി ബിനി, ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല, ഡെപ്യൂട്ടി ഡയറക്ടർ ബി. കെ സുധീർ കിഷൻ, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കുട്ടായി ബഷീർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date