Skip to main content

കേരളത്തിന്റെ വികസനനേട്ടങ്ങൾ കൺകുളിർക്കെ കാണാൻ അവസരമൊരുക്കി കിഫ്ബി

 

എന്റെ കേരളം പ്രദർശന വിപണനമേളയിലെ കിഫ്ബിയുടെ സ്റ്റാളിൽ കാണികൾക്കായി സജീകരിച്ചിരിക്കുന്നത്  വെർച്ച്വൽ റിയാലിറ്റിയുടെ ലോകം. വികസനം കൺമുന്നിൽ എന്ന ആശയത്തോടെ കിഫ്ബി മുഖേന നടപ്പിലാക്കുന്ന കേരളത്തിന്റെ വികസന നേട്ടങ്ങളും വിവിധ പദ്ധതികളും പൊതുജനങ്ങൾക്ക് നേരിട്ട് മനസിലാക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്

അത്യാധുനിക സംവിധാനങ്ങളിലൂടെ ദൃശ്യസാങ്കേതികതയുടെ മികച്ച അനുഭവം കൂടിയൊരുക്കിയാണ് കിഫ്ബി സ്റ്റാൾ പ്രവർത്തിക്കുന്നത്. ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിലൂടെ (ബിഐഎം)  കിഫ്ബി നടപ്പിലാക്കുന്ന പദ്ധതികളെ വെർച്ച്വലായി കാണാൻ സാധിക്കും. ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദത്തിന്റെ (ഐആർഐഎ) വെർച്ച്വൽ കാഴ്ചകളാണ് ഇത്തരത്തിൽ പൊതുജനങ്ങൾക്ക് കാണാൻ  സജ്ജമാക്കിയിട്ടുള്ളത്. നേരിട്ട് ഐആർഐഎയുടെ മുന്നിൽ നിൽക്കുന്നതുപോലെതന്നെയാണ് വെർച്ച്വൽ കാഴ്ചകൾ അനുഭവപ്പെടുക. പദ്ധതിയുടെ ഭാഗമായ കെട്ടിടത്തിന്റെ പുറംകാഴ്ചകൾ എങ്ങനെയായിരിക്കുമെന്നത് ഇതിലൂടെ കൃത്യമായി മനസിലാക്കാം.

വിദ്യാഭ്യാസം, ആരോഗ്യം, റോഡുകൾ, പാലങ്ങൾ, കായികം തുടങ്ങി അടിസ്ഥാനസൗകര്യ മേഖലകളിലെ വികസന പദ്ധതികളാണ് കേരളത്തിലുടനീളം കിഫ്ബി നടപ്പിലാക്കി വരുന്നത്. നിർമ്മാണത്തിലുള്ളതും നിർമ്മാണ അനുമതി ലഭിച്ചതുമായ പദ്ധതികളുടെ മാതൃകകൾ വലിയ ഡിജിറ്റൽ സ്ക്രീനുകളിലൂടെ കാണാം. ഭരണാനുമതി ലഭിച്ചതും ധനാനുമതി ലഭിച്ചതുമായ കോഴിക്കോട് ജില്ലയിലെ 87 പദ്ധതികളെക്കുറിച്ചും അറിയാം.

നീലേശ്വരം ഇ എം എസ് സ്റ്റേഡിയം, റവന്യൂ ടവർ വെള്ളരിക്കുണ്ട്, എം ആർ സി കൃഷ്ണൻ മെമ്മോറിയൽ സ്റ്റേഡിയം ,സുബ്രമണ്യ തിരുമുമ്പ് കൾച്ചറൽ കോംപ്ലക്സ് എന്നീ പദ്ധതികളുടെ മിനിയേച്ചറുകളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്, കടലാക്രമണം തടയാനുള്ള ചെല്ലാനം പ്രോജക്ട്, ആനക്കാംപൊയിൽ; കല്ലാടി - മേപ്പാടി ടണൽ റോഡ് പ്രോജക്ട് തുടങ്ങിയവയുടെ ദൃശ്യാവിഷ്കാരം കേരളത്തിന്റെ വികസനനേട്ടങ്ങളെ എടുത്തു കാണിക്കുന്നു.

കിഫ്ബി പരിചയപ്പെടുത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇന്ററാക്ടീവ് മാപ്പിംഗ്. കേരളത്തിൽ എവിടെയുമുള്ള പദ്ധതിയും അതത് പ്രദേശങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ് ഈ സംവിധാനം. ഇതിൽ പദ്ധതിയുടെ നടത്തിപ്പു മുതൽ ഓരോ ഘട്ടങ്ങളിലും നടക്കുന്ന പ്രവർത്തനങ്ങൾ, ചെലവഴിച്ച തുക, നിർമ്മാണം തുടങ്ങിയവയെല്ലാം കൃത്യമായി മനസിലാക്കാൻ കഴിയും. സന്ദർശകരുടെ വീടിന്  തൊട്ടടുത്തുള്ള വികസന പദ്ധതി സംബന്ധിച്ച വിവരങ്ങൾ സ്പെഷ്യൽ പ്രോജക്ട് മോണിറ്ററിംഗ് (എസ്പിഎംഎസ് ) സംവിധാനത്തിലൂടെ കാണാൻ കഴിയും.

date