Skip to main content

ആശങ്കകൾക്ക് അറുതി നൽകി താലൂക്ക്തല അദാലത്ത്: പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടമായവർക്ക് ധനസഹായം

ഓട്ടോ ഡ്രൈവറായ അഞ്ചുതെങ്ങ് സ്വദേശി സുമേഷ് ജീവൻ കയ്യിൽ പിടിച്ചാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. കഴിഞ്ഞ വർഷം കനത്ത മഴയിൽ ഭൂരിഭാഗവും തകർന്ന സുമേഷിന്റെ വീട് ഏത് നിമിഷവും നിലംപതിക്കാറായ അവസ്ഥയിലാണ്. മറ്റ് ബന്ധുക്കൾ ആരുമില്ലാത്ത സുമേഷിന്റെ ഏക ആസ്തിയും ഈ വീട് മാത്രമാണ്. വീടിന്റെ കേടുപാടുകൾ തീർത്ത് പുതുക്കി പണിയുന്നതിന് ധനസഹായം ആവശ്യപ്പെട്ടുള്ള സുമേഷിന്റെ പരാതിക്ക് ഉടനടി പരിഹാരം കണ്ട് ചിറഴിൻകീഴ് താലൂക്ക് തല അദാലാത്ത്. നഷ്പരിഹാരമായി 71,000 രൂപ ഒരാഴ്ചയ്ക്കകം അക്കൗണ്ടിൽ ലഭിക്കും.

2020ൽ കലിതുള്ളിയെത്തിയ കാലവർഷം തകർത്ത വീടിന്റെ നഷ്ടപരിഹാരം ലഭിച്ച സന്തോഷത്തിലാണ് 87 വയസ്സുകാരി പൊന്നമ്മ. ശാർക്കര വില്ലേജിൽ ഉൾപ്പെടുന്ന പൊന്നമ്മയ്ക്ക് 28,500 രൂപയും, ഇതേ പരാതിയുമായി എത്തിയ ആനത്തലവട്ടം സ്വദേശി പ്രസന്നയ്ക്ക് 47,500 രൂപയും ലഭിക്കും.

തന്റെ ഏക വരുമാനമാർഗമായ പശു, പാമ്പ് കടിയേറ്റ് ചത്തതോടെ വരുമാനം നിലച്ച കിളിമാനൂർ സ്വദേശി ശ്രീദേവി സുലൈമാനും അദാലത്തിലൂടെ ആശ്വാസം. ആറ് മാസങ്ങൾക്ക് മുൻപാണ് പശുവിന് പാമ്പ് കടിയേറ്റത്. ദുരന്തനിവാരണ മാനദണ്ഡ പ്രകാരമുള്ള നഷ്ടപരിഹാരമായി 16,400 രൂപ ശ്രീദേവിക്ക് അനുവദിച്ച് അദാലത്തിൽ ഉത്തരവായി.

date