Skip to main content

ദേവികുളം താലൂക്ക് പരാതി പരിഹാര അദാലത്ത് ഇന്ന് (ബുധന്‍) അടിമാലിയില്‍

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേവികുളം  താലൂക്ക് തല അദാലത്ത് ഇന്ന് (ബുധനാഴ്ച) അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തിയില്‍ നടത്തും.
'കരുതലും കൈത്താങ്ങും'എന്ന പേരില്‍ സംഘടിപ്പിക്കുന്ന അദാലത്തിന്ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ എന്നിവര്‍ നേതൃത്വം നല്‍കും. നേരിട്ടും ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പരാതികള്‍ നല്‍കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു.
രാവിലെ 10 മണിക്ക് അദാലത്ത് ആരംഭിക്കും. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പുറമെ പുതുതായി എത്തുന്ന അപേക്ഷകര്‍ക്കും പരാതികള്‍ നല്‍കാനുള്ള സൗകര്യം അദാലത്ത് വേദിയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥര്‍ അദാലത്ത് വേദിയില്‍ ഉണ്ടാകും.പൊതുജനങ്ങളുടെ പരാതികള്‍ക്ക് ഉടനടി പരിഹാരം നല്‍കുകയാണ് താലൂക്ക്തല അദാലത്തുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ, പി.എസ്.എസി സംബന്ധമായ വിഷയങ്ങള്‍, ജീവനക്കാര്യം, സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ മേലുള്ള ആക്ഷേപം, വായ്പ എഴുതിത്തള്ളല്‍, ചികിത്സക്ക് വേണ്ടിയുള്ളത് ഉള്‍പ്പടെയുള്ള സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍, പോലീസ് കേസുകള്‍, ഉദ്യോഗസ്ഥര്‍ക്കെതിരായവ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷകള്‍, ഭൂമി സംബന്ധമായ പട്ടയങ്ങള്‍, വസ്തു സംബന്ധമായ പോക്ക് വരവ്, തരം മാറ്റം റവന്യൂ റിക്കവറി സംബന്ധമായ വിഷയങ്ങള്‍ തുടങ്ങിയവ അദാലത്തില്‍ പരിഗണിക്കില്ല.
പീരുമേട് താലൂക്ക് അദാലത്ത് മെയ് 19 ന് കുട്ടിക്കാനം കുടുംബ സംഗമം ഓഡിറ്റോറിയത്തിലും, ഉടുമ്പഞ്ചോല താലൂക്ക് അദാലത്ത് മെയ് 22 ന് നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനിലും, ഇടുക്കി താലൂക്ക് അദാലത്ത് മെയ് 24 ന് ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാളിലും നടക്കും.

സേനാപതി പഞ്ചായത്തിലെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

സേനാപതി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സ്മാര്‍ട്ട് അങ്കണവാടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 63ാം നമ്പര്‍ അമ്പലപ്പടി അങ്കണവാടി നിര്‍മ്മിച്ചത്. സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
2022 ഫെബ്രുവരിയില്‍ നിര്‍മ്മാണം ആരംഭിച്ച അങ്കണവാടിയുടെ ആകെ നിര്‍മാണ ചെലവ് 14.5 ലക്ഷം രൂപയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതത്തോടൊപ്പം ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതവും എല്‍എസ്ജിഡി വകുപ്പിന്റെ വിഹിതവും ഉള്‍പ്പെടുത്തിയാണ് അങ്കണവാടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോണി പി എ, ആന്റോ തോമസ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ രാജേഷ് ടി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി പി എല്‍ദോസ്, പഞ്ചായത്ത് അംഗങ്ങളായ ഷീന ബിജു, സിജു കെ പോള്‍, അങ്കണവാടി ജീവനക്കാരായ ഗിരിജ സുരേഷ്, സാലി സണ്ണി എന്നിവര്‍ പങ്കെടുത്തു.

ചിത്രം :
അമ്പലപ്പടി സ്മാര്‍ട്ട് അങ്കണവാടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു

 

date