Skip to main content

കരുതലും കൈത്താങ്ങും: ആലുവ താലൂക്ക് അദാലത്ത്  വ്യാഴാഴ്ച (18)

 

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാം നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി നടത്തുന്ന കരുതലും കൈത്താങ്ങും ആലുവ താലൂക്കുതല അദാലത്ത് വ്യാഴാഴ്ച  (മെയ് 18) നടക്കും.  ആലുവ മഹാത്മാഗാന്ധി ടൗണ്‍ഹാളിൽ നടക്കുന്ന അദാലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും.

താലൂക്കിലെ വിവിധ വകുപ്പുകളിലായി ലഭിച്ച അപേക്ഷകളിൽ നിന്ന് സൂക്ഷ്മ പരിശോധനക്കുശേഷം തിരഞ്ഞെടുത്ത 287 അപേക്ഷകളാണ്  അദാലത്തിൽ പരിഗണിക്കുന്നത്. രാവിലെ 10 നു തുടങ്ങുന്ന അദാലത്തിൽ ആളുകൾ എത്തിച്ചേരുന്നതിനനുസരിച്ചു ടോക്കൺ നമ്പറിന്റെ അടിസ്ഥാനത്തിലാണ് പരാതികൾ പരിഗണിക്കുന്നത്. അദാലത്ത് ദിവസം നേരിട്ടെത്തിയും പരാതികൾ സമർപ്പിക്കാം.  പരാതിയിന്മേലുള്ള നടപടി പൂർത്തിയാകുന്നതിനനുസരിച്ച് അപേക്ഷകർക്ക് സന്ദേശം അയക്കുന്നുണ്ട്.

ആലുവ താലൂക്കിലെ അദാലത്തിനു ശേഷം കുന്നത്തുനാട് താലൂക്ക് അദാലത്ത് 22ന് പെരുമ്പാവൂര്‍ ഇ.എം.എസ് മെമ്മോറിയല്‍ ടൗണ്‍ഹാളിൽ നടക്കും. കൊച്ചി താലൂക്ക് അദാലത്ത് 23ന് മട്ടാഞ്ചേരി ടി.ഡി. സ്‌കൂളിലും മൂവാറ്റുപുഴ താലൂക്ക് അദാലത്ത് 25ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിലും നടക്കും. ജില്ലയിലെ അവസാന അദാലത്ത് മെയ് 26ന് കോതമംഗലം താലൂക്കിലെ മാര്‍ത്തോമ ചെറിയ പള്ളി കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടത്തുന്നത്.

date