Skip to main content

കുന്നംകുളം സിന്തറ്റിക് ട്രാക്ക്, ഗ്യാലറി ബിൽഡിംഗ് ഉദ്ഘാടനം 19ന്

കുന്നംകുളത്തെ സ്പോർട്സ് ഹബ്ബാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക്, ഗാലറി ബിൽഡിംഗ് എന്നിവയുടെ ഉദ്ഘാടനം മെയ് 19ന് രാവിലെ 11 മണിക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കുമെന്ന് കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

കായിക വിദ്യാർത്ഥികൾക്ക് ആവശ്യമായ വിപുലമായ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുന്നതിനായി ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും കായിക വിദ്യാർത്ഥികൾക്കുള്ള സ്പോട്സ് മെഡിക്കൽ വിഭാഗത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിക്കും. സിന്തറ്റിക് ട്രാക്കിൽ ഫ്ലഡ് ലൈറ്റ് സംവിധാനം ഒരുക്കുമെന്നും മെയിന്റനൻസ് നടത്തിപ്പ് ചുമതലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്ഘാടനത്തിനു ശേഷം തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

എ സി മൊയ്തീൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനാകും. രമ്യ ഹരിദാസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും. കേരള സ്പോട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ജോപോൾ അഞ്ചേരി, ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ, ഏഷ്യാഡ് മെഡൽ ജേതാവ് സി ഹരിദാസ്, ജില്ലാ സ്പോട്സ്  കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ തുടങ്ങിയവർ മുഖ്യാതിഥികളാകും. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് കുന്നംകുളം നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, ജനപ്രതിനിധികൾ, കായിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് ശ്രീകൃഷ്ണ കോളേജ് എം ഡി കോളജ്, ജനപ്രതിനിധികളും അധ്യാപകരും തമ്മിലുള്ള തമ്മിലുള്ള ഫുട്ബോൾ മത്സരവും നടക്കും.10:30ന് ദേവരാഗം മ്യൂസിക് ബാന്റിന്റെ വയലിൻ ഫ്യൂഷനും അരങ്ങേറും.

ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ടെക് എന്ന സ്ഥാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവൃത്തികൾ നിർവ്വഹിച്ചത്. ലൈൻ മാർക്കിങ് പ്രവർത്തികളും കമ്പനിയാണ്  പൂർത്തീകരിച്ചത്. എ സി മൊയ്തീൻ എംഎൽഎ യുടെ പ്രത്യേക താല്പര്യപ്രകാരമാണ് പദ്ധതി കുന്നംകുളത്ത് നടപ്പിലാക്കുന്നത്. ഏഴുകോടി രൂപയാണ് സീനിയർ ഗ്രൗണ്ടിന്റെ വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ചത്. സ്കൂൾ ഗ്രൗണ്ടിൽ നിർമ്മാണം പൂർത്തിയായ ഫുട്ബോൾ ഗ്രൗണ്ടിന് ചുറ്റുമാണ് 400 മീറ്റർ നീളത്തിലുള്ള സിന്തറ്റിക് ട്രാക്ക് സജ്ജീകരിച്ചിട്ടുള്ളത്. ലൈൻ ട്രാക്കിന് പുറമേ  ജെമ്പിങ് പിറ്റ്, പവലിയൻ എന്നിവയും പവലിയനു താഴെ ഡ്രസ്സിംങ്ങ് റൂം, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഖേലാ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ദേശീയ അത്‌ലറ്റ് മത്സരങ്ങൾ നടത്തുംവിധം പദ്ധതികൾ ആവിഷകരിക്കുന്നത്. 

 വാർത്താ സമ്മേളനത്തിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ് ,പി കെ ഷെബീർ, കായിക അധ്യാപകരായ എം കെ സോമൻ , ശ്രീനേഷ്,സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റൻറ് എൻജിനീയർ യുകെ നീരജ് ,പ്രൊജക്റ്റ് എൻജിനീയർ പിസി രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

date