Skip to main content
എന്റെ കേരളം പ്രദർശന വിപണന മേളയിൽ സജജ്ജീകരിച്ച ജില്ലാ ജയിലിന്റെ സ്റ്റാളിലെ തിരക്ക്

ജയിലിൽ കേറാൻ ഇവിടെ ക്യൂവാണ്

 

 ജയിലിൽ കിടന്നാൽ സമ്മാനവും

കോട്ടയം: ജയിലിൽ കയറാൻ ആളുകൾക്കിത്ര കൊതിയാണോ എന്ന് ആരെങ്കിലും അൽപം ശങ്കിച്ചാലും കുറ്റം പറയാൻ പറ്റില്ല. കാരണം എന്റെ കേരളം പ്രദർശന വിപണന മേളയിൽ കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസ് ഒരുക്കിയ സ്റ്റാളിലെ ജയിൽ അനുഭവം കാണാൻ കയറിയിറങ്ങുന്നവരുടെ തിരക്ക് കണ്ടാൽ ആരും പറഞ്ഞുപോകും. മേളയിൽ പ്രധാന ആകർഷണങ്ങളിലൊന്നാണ് പ്രദർശനപവിലിയന്റെ തുടക്കത്തിലെ സ്റ്റാളുകളിലൊന്നിൽ തന്നെയുള്ള ജില്ലാ ജയിലിന്റെ മാതൃക. ഇനി കണ്ടിട്ടു ജയിൽ അനുഭവം അങ്ങോടു തൃപ്തിയായില്ലെങ്കിൽ ഒരു മണിക്കൂർ ഏകാന്തത്തടവ് അനുഭവിക്കുന്ന 'ഫീൽ എ ജയിൽ ചാലഞ്ച്' മത്സരവും ജയിൽവകുപ്പിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.  പങ്കെടുക്കുന്നവർക്ക്  സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.  
 തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നെത്തിച്ച തൂക്കു കയറാണ് സ്റ്റാളിലെ മറ്റൊരാകർഷണം. 2.6 സെന്റി മീറ്റർ വ്യാസമുള്ള പരുത്തിതുണി ഉപയോഗിച്ച് നിർമിച്ച തൂക്കുകയർ തൂക്ക് മരത്തിൽ സ്ഥാപിച്ച രീതിയിലാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. തടവുകാർ ജയിലിൽ ഉപയോഗിക്കുന്ന ഷർട്ട്, മുണ്ട്, തോർത്ത്, പുതപ്പ് എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്.
അന്തേവാസികൾ നിർമ്മിച്ച ഭക്ഷ്യ - കരകൗശല വസ്തുകളുടെ  വിൽപനയും  സ്റ്റാളിലുണ്ട്. ബിരിയാണി, ഏത്തക്കായ ചിപ്പ്‌സ്, ശർക്കരവരട്ടി,  ഉണ്ണിയപ്പം, മാങ്ങാ അച്ചാർ, വെളുത്തുള്ളി അച്ചാർ, മിനറൽ വാട്ടർ, നെറ്റിപ്പട്ടം, ചിരട്ട, തടി എന്നിവ കൊണ്ടുള്ള കരകൗശല ഉത്പന്നങ്ങൾ, ജയിൽ വളപ്പിൽ വളർത്തിയ ചീര എന്നിവയാണ് മിതമായ വിലയിൽ വിൽപനയ്‌ക്കെത്തിച്ചിട്ടുള്ളത്. ജില്ലയിൽ ആദ്യമായാണ് ജയിലിന്റെ അനുഭവം ഒരുക്കിക്കൊണ്ടുള്ള പ്രദർശനം നടത്തുന്നത്. സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് നടത്തിയിരുന്ന പ്രദർശനം ഇപ്പോൾ ജില്ലാ ജയിലുകൾ കേന്ദ്രീകരിച്ച് നടത്തി വരുന്നുണ്ട്.
 

date