Skip to main content

കഴിഞ്ഞ ആറ് വര്‍ഷത്തില്‍ സംസ്ഥാനത്ത് ഫലപ്രദമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാനായി: മന്ത്രി എം.ബി രാജേഷ്

കഴിഞ്ഞ ആറ് വര്‍ഷത്തില്‍ ഏറ്റവും ഫലപ്രദമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാനും രാജ്യത്തിന് തന്നെ മാതൃകയാകുവാനും സംസ്ഥാനത്തിന് കഴിഞ്ഞുവെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതമുള്‍പ്പെടെ തുടര്‍ച്ചയായി വെട്ടി കുറയ്ക്കുമ്പോഴും സംസ്ഥാനം മാതൃകാപരമായി പദ്ധതികള്‍ നിറവേറ്റി കൊണ്ടിരിക്കുകയാണ്. 2020-21ല്‍ 1.12 ലക്ഷം രൂപ കേന്ദ്ര ബഡ്ജറ്റ് വിഹിതം ഉണ്ടായിരുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് അതിന്റെ നടത്തിപ്പ് വര്‍ഷം ഏകദേശം 60,000 കോടി രൂപയായി വെട്ടി കുറച്ചു. ഈ അവസരത്തിലാണ് സര്‍ക്കാര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും നടപ്പാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ദേശീയ ശരാശരിയുടെ ആറ് ഇരട്ടിയാണ് സംസ്ഥാനത്തിന്റെത്. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അധികമായി 100 ദിവസം തൊഴില്‍ കൊടുക്കുന്ന ട്രൈബല്‍ പ്ലസ് പദ്ധതി നടപ്പാക്കിയിട്ടുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. തൊഴില്‍ ദിനങ്ങളില്‍ 89.78 ശതമാനം സ്ത്രീകളുടെ പങ്കാളിത്തം സംസ്ഥാനത്ത് ഉറപ്പുവരുത്തിയിട്ടുണ്ട്. 2022 ല്‍ 9.56 കോടി തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. എല്ലാ ജില്ലകളിലും ഓംബുഡ്സ്മാന്‍ സംവിധാനം നടപ്പാക്കിയിട്ടുള്ളതും തൊഴിലുറപ്പിന്റെ കാര്യത്തില്‍ പഞ്ചായത്ത് തലത്തില്‍ സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റമറ്റരീതിയില്‍ സുതാര്യമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ കഴിയുന്നുവെന്നത് സംസ്ഥാനത്തിന്റെ നേട്ടമാണ്. കേരളത്തിന്റെ സാമ്പത്തിക ഞെരുക്കത്തിലും ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ ക്ഷേമം നല്‍കുന്ന തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍ തുടര്‍ന്നും ആവിഷ്‌കരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

date