Skip to main content

അദാലത്തിൽ മന്ത്രിയുടെ ഇടപെടൽ; പാറക്കടവ് 16ാം വാർഡിൽ ഉടൻ കുടിവെള്ളമെത്തും

 

പാറക്കടവ് ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ അടിയന്തരമായി കുടിവെള്ളം എത്തിക്കാൻ അദാലത്തിൽ മന്ത്രിയുടെ ഉത്തരവ്. ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര താലൂക്ക് തല അദാലത്തിലാണ് ഒരു വാർഡിലെ മുഴുവൻ ജനങ്ങളുടെയും കുടിവെള്ള പ്രശ്നത്തിന് പരിഹാരമായത്. പൊതുപ്രവർത്തകയായ സുമി സനലിന്റെ പരാതി പരിഗണിച്ച കൃഷി മന്ത്രി പി പ്രസാദ് വാർഡിൽ ഉടൻ കുടിവെള്ളം ലഭ്യമാക്കണമെന്ന് ഉത്തരവിടുകയായിരുന്നു. 

ആഴ്ചയിൽ രണ്ട് തവണ ടാങ്കറിൽ കുടിവെള്ളം എത്തിക്കാനും അടിയന്തരമായി വീടുകളിലേക്ക് കുടിവെള്ള പൈപ്പ് കണക്ഷൻ സ്ഥാപിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 

വേനൽക്കാലം ആയതിനാൽ  വാർഡിലെ കിണറുകൾ പലതും വറ്റിയ അവസ്ഥയിലാണ്. സമീപത്തുള്ള കനാലിൽ ജലവിതരണം നാളുകളായി നിലച്ചിരിക്കുന്നതിനാൽ കുടിവെള്ളം കിട്ടാതെ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലാണ്. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനും പഞ്ചായത്തിനും പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് പുളിയനം സ്വദേശിയായ സുമി സനൽ പരാതിയിൽ പറയുന്നു.

date