Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്: തകർന്ന സംരക്ഷണഭിത്തി പുനർനിർമ്മിക്കും; സനിലിന് ആശങ്കകൾ ഇല്ലാതെ വീട് പണി പൂർത്തിയാക്കാം

 

വീടുപണി പൂർത്തീകരിക്കുന്നതിനിടയിൽ മഴയിൽ ഇടിഞ്ഞുവീണ  സംരക്ഷണഭിത്തി പുനർ നിർമ്മിച്ചു തരണമെന്ന അപേക്ഷയുമായാണ് ശ്രീമൂലനഗരം തൂക്കാവ്പറമ്പിൽ സനിൽ ആലുവ താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്ത് വേദിയിലേക്ക് എത്തിയത്.  2012-13 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്തിന്റെ എസ്.സി ഫണ്ട് ഉപയോഗിച്ച് തേമാലിപ്പുറം തേക്കാവ് കോളനിയിൽ നിർമ്മിച്ച സംരക്ഷണഭിത്തിയാണ് ഇടിഞ്ഞുവീണത്.

പി.എം.എ.വൈ പദ്ധതി ഉപയോഗിച്ചു വീട് നിർമ്മാണം പുരോഗമിക്കവേ സംരക്ഷണഭിത്തി തകർന്നതോടെ വീട് ഉൾപ്പെടെ ഇടിഞ്ഞു പോകുമെന്ന ആശങ്കയിലായിരുന്നു സനിൽ. സംരക്ഷണഭിത്തി നിർമ്മിച്ചു നൽകുമെന്ന ഉറപ്പ് മന്ത്രി പി. രാജീവിൽ നിന്ന് ലഭിച്ച  ആശ്വാസത്തോടെയാണ് സനിൽ അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.

 ശ്രീമൂലംനഗരം ഗ്രാമപഞ്ചായത്ത്  പദ്ധതി ഏറ്റെടുത്ത് സംരക്ഷണ ഭക്തി പുനർനിർമ്മിക്കാൻ നേരത്തെ തിരുമാനിച്ചിരുന്നു. എന്നാൽ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം മാത്രം ഇടിഞ്ഞിട്ടുള്ളതിനാൽ ഇത് പുനർ നിർമ്മിക്കുന്നത് ഒരു വ്യക്തിക്ക് മാത്രമുള്ള സഹായം ആകും എന്ന കാരണത്താൽ പട്ടികജാതി വികസന ഓഫീസ് പദ്ധതി നടപ്പിലാക്കാൻ  അനുവദിച്ചിരുന്നില്ല.

മന്ത്രി പി.രാജീവ് പരാതി വ്യക്തമായി കേട്ടതിനു ശേഷമാണ് പരിഹരിച്ചത്. പദ്ധതി നടപ്പിലാക്കാൻ  ഒരാഴ്ചയ്ക്കുള്ളിൽ പഞ്ചായത്തിന് അനുമതി നൽകാൻ പട്ടികജാതി വികസന ഓഫീസർക്ക് മന്ത്രി നിർദേശം നൽകി.

date