Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്: വഴിത്തർക്കം മൂലം സ്ഥലം വിൽപ്പന തടസപ്പെട്ടു; വീട്ടമ്മയുടെ പ്രശ്നം പരിഹരിക്കാൻ അടിയന്തര നിർദേശം 

 

വഴിയുടെ ഉടമസ്ഥാവകാശ തർക്കം മൂലം സ്ഥലവില്പന തടസപ്പെട്ട വിധവയായ വീട്ടമ്മയ്ക്ക് അടിയന്തരമായി പ്രശ്നം പരിഹരിച്ചു നൽകാൻ നിർദേശം. കരുതലും കൈത്താങ്ങും ആലുവ താലൂക്കുതല അദാലത്തിലാണ് ആനപ്പാറ, കോരൻ കല്ലൂക്കാരൻ വീട്ടിൽ സാലി സെബിയുടെ പരാതിയിൽ മന്ത്രി പി. രാജീവിന്റെ ഇടപെടലുണ്ടായത്. ജൂൺ 24 ന് സർവേ നടത്തി നടപടികൾ പൂത്തിയാക്കാനാണ് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. 

സ്വകാര്യ വ്യക്തി വഴിയിന്മേൽ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതാണ് പ്രശ്‌നത്തിന് കാരണം. എന്നാൽ ഈ പൊതുവഴി തങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ്  വീട്ടമ്മ അദാലത്തിൽ പരാതി സമർപ്പിച്ചത്. 

തന്റെ സ്ഥലം വിൽക്കാനുള്ള നടപടികൾ തുടങ്ങിയെങ്കിലും വഴി തർക്കം മൂലം ഇവർക്ക് ആധാരം ചെയ്യാനാകുന്നില്ല. വഴിയുടെ കാര്യത്തിൽ തീരുമാനം ആയാൽ മാത്രമേ ഇവർക്ക്‌ വസ്തു ആധാരം ചെയ്‍ത് വിൽപന പൂർത്തിയാക്കാൻ കഴിയൂ. വിഷയത്തിന്റെ പ്രാധ്യാനം കണക്കിലെടുത്താണ് നടപടികൾ വേഗം പൂർത്തീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടത്. അദാലത്തിലൂടെ തന്റെ പ്രശ്‌നത്തിൽ അടിയന്തര ഇടപെടലുണ്ടായ സന്തോഷത്തിലാണ് അവർ മടങ്ങിയത്.

date