Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്: ക്ലീറ്റസിൻ്റെ പെൻഷൻ ഇനി മുടങ്ങില്ല; വരുമാന സർട്ടിഫിക്കറ്റ് തിരുത്തി നൽകാൻ മന്ത്രി പി രാജീവിന്റെ ഇടപെടൽ

 

ആലുവ വെസ്റ്റ് വില്ലേജിൽ മംഗലശ്ശേരി വീട്ടിൽ എം.ടി ക്ലീറ്റസിന് ഇനി മുതൽ സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതെ ലഭിക്കും. പെൻഷൻ ലഭിക്കുന്നതിന് വരുമാന സർട്ടിഫിക്കറ്റിലെ വരുമാനം തടസമായ സാഹചര്യത്തിലാണ് ക്ലീറ്റസ് കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ അപേക്ഷ സമർപ്പിക്കുന്നത്. മന്ത്രി പി രാജീവ് ക്ലീറ്റസിന്റെ പരാതി വിശദമായി പരിശോധിക്കുകയും വരുമാനം സർട്ടിഫിക്കറ്റ് തിരുത്തി നൽകാൻ നടപടി സ്വീകരിക്കുകയും ചെയ്തു.

സ്ഥിര വരുമാനം ഇല്ലാത്ത ക്ലീറ്റസിന് ആരംഭ കാലം മുതൽ സാമൂഹ്യ പെൻഷനായിരുന്നു ഏക ആശ്രയം. വീട്ടിൽ ചെലവുകളും ഭാര്യയുടെ ചികിത്സാ ചെലവുകളുമെല്ലാം നടത്തിയിരുന്നത് പെൻഷൻ തുകയെ ആശ്രയിച്ചായിരുന്നു. വരുമാന സർട്ടിഫിക്കറ്റിൽ 55,000 രൂപയായിരുന്നു ആദ്യ വരുമാനം. എന്നാൽ പുതുക്കിയ സർട്ടിഫിക്കറ്റിൽ 1,10,000 രൂപ വരുമാനമായത് ക്ലീറ്റസിനെ വലച്ചു. ഇത് തിരുത്തി നൽകണമെന്ന അപേക്ഷയുമായാണ് ക്ലീറ്റസ് കരുതലും കൈത്താങ്ങും  അദാലത്ത് വേദിയിൽ എത്തിയത്.

സ്വകാര്യ കമ്പനിയിൽ കോൺട്രാക്ട് വ്യവസ്ഥയിൽ ജോലിചെയ്യുന്ന തൻ്റെ മാസ വരുമാനം 5000 രൂപയിൽ താഴെയാണ്.  ഈ തുകയും പെൻഷനും ഉപയോഗിച്ചാണ് വീട്ടു ചെലവും ചികിത്സാചെലവും നടത്തി വരുന്നത്. സ്വന്തമായി വീടില്ല. തൻ്റെ കുടുംബ പശ്ചാത്തലം വിശദമായി പരിശോധിച്ച്  വരുമാനം സർട്ടിഫിക്കറ്റ് തിരുത്തി നൽകണമെന്ന് പരാതിയിൽ പറയുന്നു.

date