Skip to main content

കുറഞ്ഞ നിരക്കിൽ കൂടുതൽ പരിശോധനകൾ നടത്താം

 

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഹോർമോൺ അനലെെസർ പ്രവർത്തനം തുടങ്ങി

കുറഞ്ഞ ചെലവിൽ കൂടുതൽ പരിശോധനകൾ നടത്താനുള്ള സൗകര്യവുമായി പേരാമ്പ്ര താലൂക്ക് ആശുപത്രി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കൂടുതൽ രോഗങ്ങൾക്ക് പരിശോധന സംവിധാനമുള്ള ഹോർമോൺ അനലൈസർ സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. 

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും എട്ടു  ലക്ഷം രൂപയാണ് ഹോർമോൺ അനലെെസർ വാങ്ങുന്നതിനായി അനുവദിച്ചത്. പദ്ധതിയിലൂടെ തെെറോയ്ഡ്, ട്രോപൊനിൻ ഐ ഇൻഫേർട്ടിലിറ്റി, കാർഡിയാക്ക് മാർക്കർ വെെറ്റമിൻ ഡി തുടങ്ങി വിവിധങ്ങളായ പരിശോധനകൾ കുറഞ്ഞ നിരക്കിൽ ആശുപത്രിയിൽ ലഭ്യമാകും. ആദ്യ ഘട്ടത്തിൽ തെെറോയ്ഡിനുള്ള ടി.3, ടി.4, ടി.എസ്.എച്ച്, ഹൃദയാഘതം പരിശോധിക്കുന്ന ട്രോപെെ, വെെറ്റമിൻ ഡി എന്നീ പരിശോധനയ്ക്കുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

 ചടങ്ങിൽ ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ രജിത പി.കെ, പ്രഭാശങ്കർ, പി.ടി അഷറഫ്, എച്ച്.എം.സി അംഗങ്ങൾ, ഡോ. രാജു ബൽറാം, ഹെൽത്ത് സൂപ്പർവൈസർ മനോജ് കുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഗോപാലകൃഷ്ണൻ സ്വാഗതവും ലാബ് ഇൻ ചാർജ് സുരേഷ് നന്ദിയും പറഞ്ഞു.

date