Skip to main content

സായാഹ്ന ഒ.പികൾക്ക് തുടക്കം; മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു

 

കോഴിക്കോട് നഗരസഭ ഡിസ്‌പെൻസറികളിലെ സായാഹ്ന ഒ.പി തുറമുഖം പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. രോഗമില്ലാത്ത കോഴിക്കോടിനെ എങ്ങനെ സൃഷ്ടിക്കാം എന്ന കാര്യത്തിനായി നമ്മൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണം. സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ നല്‍കാനുള്ള ശ്രമമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാങ്കാവ്‌ അർബൻ ഹെൽത്ത്‌ സെന്ററിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. 

നഗരത്തിലെ ആറ്‌ ആരോഗ്യകേന്ദ്രങ്ങളിലാണ്‌ സായാഹ്ന ഒ.പി ആരംഭിക്കുന്നത്. രാവിലെ ഒമ്പത്‌ മുതൽ ആറുവരെ ഇടതടവില്ലാതെ ആരോഗ്യസേവനം ലഭ്യമാവും. കേരളത്തിൽ ആദ്യമായാണ്‌ തദ്ദേശഭരണ സ്ഥാപനം ഡിസ്‌പെൻസറികളിൽ സായാഹ്ന ഒ.പി ആരംഭിക്കുന്നത്‌. മാങ്കാവ്‌, പന്നിയങ്കര, പള്ളിക്കണ്ടി, വെസ്‌റ്റ്‌ഹിൽ, വെള്ളയിൽ, ഇടിയങ്ങര എന്നിവിടങ്ങളിലാണ്‌ ഈ സേവനം ലഭ്യമാവുക.

രാവിലെ ഒമ്പത്‌ മുതൽ പകൽ രണ്ടുവരേയും പകൽ ഒന്നുമുതൽ ആറുവരേയും  രണ്ട്‌ ഷിഫ്‌റ്റുകളിലായാണ്‌ ഒ.പി പ്രവർത്തിക്കുക. ഒന്നുവീതം ഡോക്ടർ, ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നഴ്‌സ്‌, ഫാർമസിസ്‌റ്റ്‌, ശുചീകരണ തൊഴിലാളി എന്നിങ്ങനെ നാല്‌ ജീവനക്കാരാണ്‌ ഡിസ്‌പെൻസറികളിൽ ഉള്ളത്‌. സായാഹ്ന ഒപിക്കായി ഒന്നുവീതം ഡോക്ടർ, സ്‌റ്റാഫ്‌ നഴ്‌സ്‌, ഫാർമസിസ്‌റ്റ്‌ തസ്‌തികകൾ അനുവദിച്ചു.

ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ  ഡോ. എസ് ജയശ്രീ, വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഒപി ഷിജിന, കൗൺസിലർമാരായ ഓമന മധു, റനീഷ്, കവിത അരുൺ, എം.സി അനിൽകുമാർ, ഈസ അഹമ്മദ്‌, ഹെൽത്ത് സൂപ്പർവൈസർ കെ.സി രാജീവൻ എന്നിവർ സംസാരിച്ചു.

date