Skip to main content

നവ്യാനുഭവമാകും ഈ സുരങ്കയിലൂടെയുള്ള യാത്ര

എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഒരുക്കിയ കേരള ടൂറിസം വകുപ്പിന്റെ മനോഹരമായ സ്റ്റാളിൽ എത്തിയാൽ മലയോര നാടിന്റെ കൃഷിയും കാടിന്റെ ഭംഗിയും വിളിച്ചോതുന്ന സുരങ്കയും ഏലത്തോട്ടവും നമ്മുക്ക് കാണാനാവും. 'സുരങ്ക' നൽകുന്ന കുളിർമയും കാഴ്ചയും ഇവിടെ നിന്നു അനുഭവിച്ചറിയാം. ചെറുവെട്ടത്തിൽ സുരങ്കത്തിലൂടെയുള്ള യാത്ര നവ്യാനുഭവം പകരും. കുന്നിൻ ചെരിവിൽ ഭൂമിക്ക് സമാന്തരമായി തുരന്ന് വെള്ളം ശേഖരിക്കുന്ന രീതിയിലാണ് സുരങ്ക. മലയാളത്തിൽ തുരങ്കമെന്നാണ് പറയുന്നത്. തുളുവിൽ സുരങ്കയെന്നും പറയും. അകത്ത് കയറിയാൽ ഏലച്ചെടികളും സെൽഫി എടുക്കാനായി പായയിൽ നിർമിച്ച കുടിലും കാണാനാകും. ഗ്രാമീണ ടൂറിസത്തിന്റെ ആശയം പകർന്നാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. മലയോര നാടിന്റെ കൃഷിയും കാടിന്റെ ഭംഗിയും മുനിയറയും ഒരുക്കിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നു. ഇതോടുകൂടി പ്രദർശനമേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയ സ്റ്റാൾ മാറിക്കഴിഞ്ഞു.
കാസർഗോഡ് ജില്ലയിലെ മലമ്പ്രദേശങ്ങളിൽ വെള്ളത്തിനായി നിർമിക്കുന്ന തുരങ്കമാണ് 'സുരങ്ക'.15 അടി നീളവും 10 അടി ഉയരവുമുള്ള സുരങ്ക കടന്ന് പുറത്തേക്ക് പോകുന്നത് ഒരു വേറിട്ട അനുഭവമാണ്. നിരവധി പേരാണ് ഏലത്തോട്ടത്തിൽ എത്തി സെൽഫിയെടുത്ത് മടങ്ങുന്നത്. പ്രത്യേകതരം ലൈറ്റുകളുടെ ഭംഗിയും ഏലത്തോട്ടത്തിന്റെ കാഴ്ചകൾ കൂടുതൽ മനോഹരമാക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ആയി വിനോദത്തിന് ഏലത്തോട്ടത്തിനിടയിൽ നിന്ന് അമ്പെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ വിനോദ സഞ്ചാര ഇടങ്ങളെക്കുറിച്ചുള്ള വീഡിയോകൾകണ്ടു മടങ്ങാം.

 

date