Skip to main content

ആസ്വാദകരുടെ മനം കവർന്ന് ലാസ്യ കോളജിന്റെ സൂര്യ പുത്രൻ

വ്യാസഭാരതകഥയിലെ കഥാപാത്രമായ കർണ്ണന്റെ കഥയ്ക്ക് നൃത്താവിഷ്‌കാരം നൽകി 'സൂര്യപുത്രൻ ' എന്റെ കേരളം പ്രദർശന വിപണന മേളയിൽ നിറഞ്ഞ കയ്യടിയോടെ അരങ്ങേറി. തികച്ചും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ നൃത്താവിഷ്‌കാരമാരമായിരുന്നു സൂര്യ പുത്രൻ.
ലാസ്യ കലാക്ഷേത്രയുടെ കീഴിലുള്ള ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്ടിലെ അധ്യാപകരായ ഡോ. കലാമണ്ഡലം ലത, കലാക്ഷേത്ര വിദ്യാലക്ഷ്മി, ഹരിത തമ്പാൻ, വി. വീണ എന്നിവരോടൊപ്പം ഭരതനാട്യത്തിൽ ബിരുദ ബിരുദാനന്തര കോഴ്‌സുകളിൽ പഠിക്കുന്ന 15 വിദ്യാർഥികളും ചേർന്നാണ് വേദിയിൽ അവതരിപ്പിച്ചത്. കുരുക്ഷേത്ര എന്ന നൃത്താവിഷ്‌ക്കാരത്തിൽ കുന്തിയും, ഗാന്ധാരിയും, ധൃതരാഷ്ട്രരും, പാണ്ഡുവും കൃഷ്ണനും, അർജുനനും നൃത്തത്തിലൂടെ വേദിയെ ധന്യമാക്കിയപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥാപാത്രമായിരുന്നു കർണ്ണൻ.
തികച്ചും സാമൂഹിക പ്രതിബദ്ധതയുള്ള ആശയങ്ങളാണ് സൂര്യപുത്രനിലൂടെ ലാസ്യ ആവിഷ്‌കരിച്ചത്. ഉന്നത കുലത്തിൽ ജനിച്ചിട്ടും അപമാനിക്കപ്പെടേണ്ടി വന്ന കർണ്ണൻ അച്ഛനാര്, അമ്മയാര് എന്നറിയാതെയാണ് വളർന്നത്. നമ്മുടെ സമൂഹത്തിൽ ഇത്തരം നിരവധി കുട്ടികൾ ഉണ്ടെന്ന് ഈ നൃത്തശിൽപ്പത്തിലൂടെ ചൂണ്ടിക്കാണിക്കുകയായിരുന്നു അവർ. ചതിയുടെയും, പോർവിളികളുടെയും നിലമായ കുരുക്ഷേത്ര ഭൂമിയിൽ വെച്ച് നിരായുധനായ കർണ്ണനെ അർജുനൻ നാഗാസ്ത്രമയച്ചു വധിക്കുന്നതോടുകൂടിയാണ് നൃത്താവിഷ്‌ക്കാരം അവസാനിക്കുന്നത്. ഡോ.എ.എസ് പ്രശാന്ത് കൃഷ്ണൻ രചനയും ഡോ.സി.രഘുനാഥ് സംഗീതവും ഡോ.കലാമണ്ഡലം ലതയുമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

 

date