Skip to main content

പോലീസിന്റെ അശ്വാരൂഢസേന, അത്യാധുനിക റോബോട്ടിക് ഷോ: കിടിലന്‍ സര്‍പ്രൈസുകള്‍ ഒളിപ്പിച്ച് എന്റെ കേരളം മെഗാ മേള

ആണവ റിയാക്ടറുകള്‍ക്കുള്ളില്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന അത്യാധുനിക റോബോട്ടുകളെ കണ്ടിട്ടുണ്ടോ? കേരള പോലീസിന്റെ അശ്വാരൂഢസേനയ്ക്കൊപ്പം നിന്ന് ഫോട്ടോയെടുത്തിട്ടുണ്ടോ? 360 ഡിഗ്രിയില്‍ കറങ്ങുന്ന ക്യാമറയില്‍ സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകണോ? ഇന്ന് (മെയ് 20) മുതല്‍ കനകക്കുന്നില്‍ തുടങ്ങുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന ഭക്ഷ്യ മേളയിലെത്തിയാല്‍ ഇതിനെല്ലാം അവസരമുണ്ട്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ മേളയില്‍ കാണികള്‍ക്ക് സര്‍പ്രൈസായി നിരവധി പ്രദര്‍ശന വിപണന ഭക്ഷ്യ സ്റ്റാളുകള്‍ തയ്യാറായിക്കഴിഞ്ഞു. പൂര്‍ണമായും ശീതീകരിച്ച ഇരുന്നൂറ്റിയമ്പതിലധികം സ്റ്റാളുകളിലാണ് മേള ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളും സേവനങ്ങളും അടുത്തറിയുന്നതിനും വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങള്‍ രുചിക്കുന്നതിനുമുള്ള വിപുലമായ സജ്ജീകരണങ്ങളാണ് കനകക്കുന്നില്‍ ഒരുക്കിയിരിക്കുന്നത്. കേരള പോലീസ് ഒരുക്കുന്ന പ്രത്യേക പവലിയനില്‍, നിലവില്‍ സേന ഉപയോഗിക്കുന്നതും മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതുമായ അത്യാധുനിക ആയുധങ്ങളും ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കും. ഇതിനുപുറമെ വനിതകള്‍ക്കുള്ള സ്വയംപ്രതിരോധ മാര്‍ഗങ്ങളുടെ പരിശീലനവും വൈകുന്നേരങ്ങളില്‍ കെ 9 ഡോഗ് സ്‌ക്വാഡിന്റെ പ്രത്യേക ഡോഗ് ഷോയും അശ്വാരൂഢ സേനയുടെ പ്രകടനവുമുണ്ടാകും.

യുവജനങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളും പുതിയ തൊഴിലവസരങ്ങളും പരിചയപ്പെടുത്തുന്ന യൂത്ത് സെഗ്മെന്റ് മെഗാ മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. സ്റ്റാര്‍ട്ടപ്പ് മിഷന്‍, കിന്‍ഫ്ര, നോര്‍ക്ക, കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി തുടങ്ങിയവര്‍ ഒരുക്കുന്ന യൂത്ത് സെഗ്മെന്റില്‍ എല്ലാ ദിവസവും വൈവിധ്യങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ തുടങ്ങിയ മൂന്ന് വീതം സ്റ്റാര്‍ട്ടപ്പുകള്‍ എല്ലാ ദിവസവും പ്രദര്‍ശിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള എല്ലാ സഹായങ്ങളും ലഭിക്കുന്ന വിധമാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്‌പോര്‍ട്ട് ആന്‍ഡ് യൂത്ത് അഫേഴ്‌സിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രത്യേക പവലിയനില്‍ വിവിധ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള സൗകര്യവുമേര്‍പ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക വിദ്യയില്‍ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങളും വിവിധ പദ്ധതികളും പരിചയപ്പെടുത്തുന്ന ടെക്‌നോസോണും മേളയിലെത്തുന്നവരുടെ മനം കവരുമെന്ന് ഉറപ്പാണ്. അസാപ്പ്, ടെക്‌നോപാര്‍ക്ക്, കെ.ഡിസ്‌ക്, കെ.എ.എസ്.ഇ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുക.

date