Skip to main content

ഇവിടെയുണ്ട് എ ടു സെഡ്

ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള എന്തു സാധനവും ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് പൊന്നാനി എ.വി ഹൈസ്‌ക്കൂൾ മൈതാനത്തെ 'എന്റെ കേരളം' പ്രദർശന വിപണന മേളയിലെ വാണിജ്യ സ്റ്റാളുകൾ. ബുധനാഴ്ച തുടങ്ങിയ മേളയിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അരി, വെളിച്ചെണ്ണ, ചപ്പാത്തി, ഇഡലി-ദോശമാവ്, ചമ്മന്തിപ്പൊടി, വാളൻപുളി, നാടൻ വിനാഗിരി, റാഗി, ചോളം കപ്പ പുട്ടുപൊടി, പഞ്ഞപ്പുല്ല്, നാടൻ പലഹാരങ്ങൾ, കറിപ്പൊടികൾ, സുഗന്ധ വ്യഞ്ജനങ്ങൾ, പഴച്ചാറുകൾ, നാടൻ പച്ചക്കറികൾ, മുളയരി, ഉണക്കമീൻ, പപ്പടം, അച്ചാറുകൾ, ചക്ക വിഭവങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ ഭക്ഷ്യവിഭവങ്ങൾ ഇവിടെയുണ്ട്. കത്തി, സ്പൂൺ, പാത്രങ്ങൾ അടുക്കള ഉപകരണങ്ങൾ, കട്ടിൽ, കിടക്ക, കസേരകൾ, ചവിട്ടികൾ, റെഡിമെയ്ഡ് ഊഞ്ഞാൽ എന്നിങ്ങനെ ഒരു വീട്ടിലേക്കാവശ്യമായ ഉത്പന്നങ്ങളെല്ലാം വിപണന മേളയിൽ ലഭ്യമാണ്. ആയുർവേദ സൗന്ദര്യവർധക ഉത്പന്നങ്ങൾ, സുഗന്ധ വസ്തുക്കൾ, ഹെയർ ഓയിലുകൾ, ഷാംപൂ, കൈത്തറി വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ ലഭ്യമാകുന്ന സ്റ്റാളുകൾക്ക് പുറമേ ബുക്ക് സ്റ്റാൾ, മിൽമ, ബി.എസ്.എൻ.എൽ എന്നിവയുടെ സ്റ്റാളുകളും മേളയെ ആകർഷകമാക്കുന്നുണ്ട്. ഉണക്ക ചക്ക, ചക്ക ഉണ്ണിയപ്പം, ചക്കപ്പൊടി, ഇടിച്ചക്ക അച്ചാർ എന്നിവയും പാക്കറ്റുകളിൽ ലഭ്യമാണ്. തേനും തേനുത്പന്നങ്ങളും വാങ്ങാനാകും. കളിമൺ പാത്രങ്ങൾ, ചിരട്ടതവികൾ, കുട്ട, കത്തികൾ എന്നിവയുടെ വൻശേഖരം കുടുംബശ്രീ സ്റ്റാളുകളിലുണ്ട്. വിവിധ വലിപ്പത്തിലുള്ള അലങ്കാര നെറ്റിപ്പട്ടങ്ങൾ, കളിമൺ അലങ്കാര വസ്തുക്കൾ, പെയിന്റിങ്ങുകൾ എന്നിവയും മിതമായ നിരക്കിൽ ലഭിക്കും. മധുരപലഹാരങ്ങൾ, കേക്കുകൾ, ഡോണട്ട്സ് തുടങ്ങിയ വിഭവങ്ങളും ലഭ്യമാണ്. വീട്ടമമ്മാർ പാകം ചെയ്ത മലബാറിന്റെ തനതു പലഹാരങ്ങളായ കോഴിയട, ഉന്നക്കായ, ചെമ്മീൻ ഉണ്ട തുടങ്ങി നിരവധി പലഹാരങ്ങൾ വിപണിയിലുണ്ട്. ഡ്രിപ് ഇറിഗേഷൻ പൈപ്പ്, ഗാർഡൻ ഹോസ്, എൽ.ഇ.ഡി ലൈറ്റ്, ബയോഗ്യാസ് പ്ലാന്റ്, ഇൻവർട്ടർ ബൾബ്, വാട്ടർ ടാങ്ക് ക്ലീനർ, സോളാർ സ്ട്രീറ്റ് ലൈറ്റ്, ഇൻവർട്ടർ, വാട്ടർ ഹീറ്റർ, യു.പി.എസ് എന്നിവ വിപണന സജ്ജമാണ്. അലങ്കാര ചെടികൾ, അബിയു, ആപ്പിൾ, സാന്തോൾ എന്നിങ്ങനെയുള്ള ഫലവൃക്ഷ തൈകൾ, ഒലിവ്, പച്ചക്കറി വിത്തുകൾ, കൂൺ ബെഡ്, ജൈവ വളങ്ങൾ, കീടനാശിനികൾ, ജൈവ കെണികൾ, എഗ് അമിനോ ആസിഡ്, പഴങ്ങൾ പറിക്കാനുള്ള തോട്ടി എന്നിങ്ങനെ കാർഷിക മേഖലയ്ക്കാവശ്യമായ ഉത്പന്നങ്ങളും വിപണന മേളയിൽ ഒരുക്കിയിട്ടുണ്ട്.

 

date