Skip to main content

തിരൂർ നിയോജക മണ്ഡലം 'തീരസദസ്സ്' ഇന്ന് (മെയ് 14)

തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ നേരിൽ മനസ്സിലാക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന തീരസദസ്സിന് ജില്ലയിൽ ഇന്ന് (മെയ് 14) തുടക്കമാകും. തിരൂർ നിയോജക മണ്ഡലം തീരസദസ്സ് ഇന്ന് (മെയ് 14) രാവിലെ 9.30 മുതൽ പറവണ്ണ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്തുകൊണ്ടും പരിഹാരങ്ങൾ കണ്ടെത്തിയുമുള്ള ഒരു സമഗ്രമായ വേദിയെന്ന നിലയിലാണ് തീരസദസ്സ് വിഭാവനം ചെയ്തിട്ടുള്ളത്. പരിപാടിയുടെ ആദ്യ ഭാഗത്ത് അതത് പ്രദേശത്തെ ജനപ്രതിനിധികളുമായി ചർച്ച നടത്തി പ്രദേശികമായുള്ള പ്രശ്നങ്ങളും വികസന സാധ്യതകളും വിശകലനം ചെയ്യും. അദാലത്തിന് സമാനമായി ഉടനടി പരിഹരിക്കാൻ കഴിയുന്ന പ്രശ്‌നങ്ങൾ അവിടെവെച്ചുതന്നെ പരിഹരിക്കുകയും പരാതികളും നിർദേശങ്ങളും സ്വീകരിക്കുകയും ചെയ്യും. തീരദേശ മേഖലയുടെ വികസന പ്രവർത്തനങ്ങളും മത്സ്യത്തൊഴിലാളി മേഖലയിൽ നടത്തി വരുന്ന ഇടപെടലുകളും വിശദീകരിക്കുന്ന ലഘുചിത്രങ്ങളുടെ പ്രദർശനവും അതത് തീരദേശ മേഖലയിലെ പ്രതിഭകളെ ആദരിക്കലും പരിപാടിയുടെ ഭാഗമായി ഉണ്ടാകും. മത്സ്യബന്ധനം, സംസ്്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മന്ത്രി വി. അബ്ദുറഹിമാൻ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ, ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ എന്നിവർ മുഖ്യതിഥികളാവും.
തീരസദസ്സിന് മുന്നോടിയായി രാവിലെ 9.30ന് പറവണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ മണ്ഡലത്തിലെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ജനപ്രതിനിധികളും വിവിധ വകുപ്പിന്റെ ഉദ്യോഗസ്ഥരും ട്രേഡ്‌യൂനിയൻ നേതാക്കളുമായും മന്ത്രി സജി ചെറിയാൻ ചർച്ച നടത്തും.

--

date