Skip to main content

മണ്ണിന്റെ വൈവിധ്യങ്ങളൊരുക്കി മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ്

മണ്ണിന്റെ വൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ എത്തിച്ച് ശ്രദ്ധയാകർഷിക്കുകയാണ് ജില്ലാ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്. പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന മേളയിലാണ് ഭൂമിശാസ്ത്രപരമായി പ്രാധാന്യം അർഹിക്കുന്ന 11 തരം മണ്ണുകളെ കുറിച്ച് മേളയിലെത്തുന്ന കാഴ്ചക്കാർക്ക് കൗതുകമുണർത്തുന്നത്. കൊല്ലം ജില്ലയിലെ ചവറ മേഖലകളിലെ കറുപ്പ്, സിൽവർ നിറത്തിൽ കാണപ്പെടുന്ന കരിമണലാണ് മേളയിലെ പ്രധാന ആകർഷണം. കൂടാതെ വനമണ്ണ്, ചെമ്മണ്ണ്, എക്കൽമണ്ണ്, മലയോര മണ്ണ്, തീരദേശ മണ്ണ്, വെട്ടുകൽ മണ്ണ്, കറുത്ത പരുത്തി മണ്ണ്, കരിമണ്ണ്, തീരദേശ മണ്ണ് എന്നീ വ്യത്യസ്തയിനം മണ്ണുകൾ ഇവിടെ കാണാം.
മണ്ണ്, ജലം, ജൈവസമ്പത്ത് എന്നീ അമൂല്യങ്ങളായ പ്രകൃതി വിഭവങ്ങൾ വരും തലമുറയ്ക്ക് കരുതിവെയ്ക്കുന്നതിന്റെ ആവശ്യകത മനസിലാക്കി നൽകുന്ന നീർത്തട സംരക്ഷണത്തിന്റെ മാതൃകയും സ്റ്റാളിലെ മറ്റൊരു ആകർഷണീയതയാണ്.
മണ്ണിന്റെ ഗുണനിലവാരം മനസിലാക്കി അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, എങ്ങനെ സംരക്ഷിക്കണം, ശാസ്ത്രീയ പരിശോധനയ്ക്കുള്ള മണ്ണ് എങ്ങനെയാണ് ശേഖരിക്കുന്നത് എന്നീ അറിവുകൾ പകർന്നുനൽകുന്നതിനുള്ള വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ നിരവധി പോസ്റ്ററുകളാണ് സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. ഒപ്പം പരിശോധനയ്ക്കായി മണ്ണ് ശേഖരിക്കുന്ന ക്വാർട്ടർ രീതി വിശദീകരിക്കുന്ന മാതൃകാ രൂപവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. മണ്ണറിഞ്ഞ് കൃഷി ചെയ്യാൻ കർഷകരെ സഹായിക്കുന്ന 'മാം' മൊബൈൽ ആപ്ലിക്കേഷനും സ്റ്റാളിൽ പരിചയപ്പെടുത്തുന്നുണ്ട്.

date