Skip to main content

തിരൂർ മണ്ഡലത്തിൽ ലഭിച്ചത് 143 പരാതികൾ

തിരൂർ നിയോജകമണ്ഡലത്തിൽ നടന്ന തീരസദസ്സിൽ മത്സ്യതൊഴിലാളികളിൽ നിന്നും ലഭിച്ചത് 143 പരാതികൾ. ഇതിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 26 പരാതികൾ തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 13 പരാതികൾ തീർപ്പാക്കുകയും നാല് പരാതികൾ തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം മത്സ്യഫെഡുമായി ബന്ധപ്പെട്ട ആറ് പരാതികളും തീർപ്പാക്കുന്നതിന് നടപടികളായി. ലൈഫ് ഭവന നിർമ്മാണം, പട്ടയം, കുടിവെള്ളം, സി.ആർ.സെഡ്, റേഷൻ കാർഡ് തുടങ്ങി മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ അതത് വകുപ്പുകൾ മുഖേന തീർപ്പാക്കുന്നതിന് താലൂക്ക് തല അദാലത്തിലേക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മണ്ഡലത്തിലെ സീവാൾ റോഡിന്റെ ആവശ്യം പരിഗണിച്ച് ഉടൻ പൂർത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സി.ആർ.സെഡ് വിഷയത്തിൽ വീട് നിർമാണത്തിന് പെർമിറ്റ്, വീട്ട് നമ്പർ എന്നിവ ലഭിക്കാത്തത് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിന് ജില്ലയുടെ ചുമതല കൂടിയുള്ള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ജില്ലാതല യോഗം ചേർന്ന് തീർപ്പാക്കുന്നതിന് മന്ത്രി സജി ചെറിയാൻ നിർദേശം നൽകി. ജനകീയ പങ്കാളിത്തത്തോടു കൂടി ആവിൽപുഴ തോട് മാലിന്യമുക്തമാക്കുന്നതിനും തീരുമാനിച്ചു. വെട്ടം കുടുംബാംരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള പുത്തൻകാവ് സബ്സെന്ററിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് ഫണ്ട് അനുവദിക്കാനും തീരുമാനിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് വഴി മത്സ്യതൊഴിലാളികളുടെ മക്കളുടെ വിവാഹ ധനസഹായമായി 33 ഗുണഭോക്താക്കൾക്ക് 3,30,000 രൂപ വിതരണം ചെയ്തു. മത്സ്യബന്ധനത്തിനിടെ അപകടമരണം സംഭവിച്ച നാല് മത്സ്യതൊഴിലാളികളുടെ ആശ്രിതർക്ക് 60,000 രൂപ ധനസഹായമായും അനുവദിച്ചു.

രണ്ട് സെഷനുകളായാണ് തീരസദസ്സ് സംഘടിപ്പിച്ചിരുന്നത്. ആദ്യസെഷനിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മണ്ഡലത്തിലെ ജനപ്രതിനിധികളുമായി പ്രാദേശികമായുള്ള പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും നടപ്പിലാക്കേണ്ട അടിയന്തര വികസന പദ്ധതികളുമാണ് ചർച്ച ചെയ്തത്. രണ്ടാമത്തെ സെഷനിൽ ഇപ്രകാരം ലഭിച്ച പരാതികളിന്മേൽ ഉടനടി പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾക്ക് അവിടെ വച്ച് തന്നെ പരിഹരിച്ചു.

date