Skip to main content

കരുതലും കൈത്താങ്ങും': പരാതി പരിഹാര അദാലത്തിന് ഇന്ന് (മെയ് 15) തുടക്കം

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പരാതി പരിഹാര അദാലത്തിന് ഇന്ന് (മെയ് 15) ജില്ലയിൽ തുടക്കമാവും. ഇന്ന് രാവിലെ 10ന് മഞ്ചേരി ടൗൺഹാളിൽ ഏറനാട് താലൂക്കിൽ നിന്നുള്ള അപേക്ഷകർക്കായി നടത്തുന്ന അദാലത്താണ് ആദ്യം. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ 'കരുതലും കൈത്താങ്ങും'  അദാലത്തുകൾ നടക്കുന്നത്.
നിലമ്പൂർ താലൂക്കിൽ നിന്നുള്ളവർക്കായി മെയ് 16ന് നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയത്തിലും പെരിന്തൽമണ്ണ താലൂക്കിലുള്ളവർക്കായി 18ന് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിലും തിരൂർ താലൂക്കിൽ നിന്നുള്ളവർക്കായി 22ന് വാഗൺ ട്രാജഡി ടൗൺഹാളിലും നടക്കും. 23ന് പൊന്നാനി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തിൽ പൊന്നാനി താലൂക്കിൽ നിന്നുള്ളവർക്കായും   തിരൂരങ്ങാടി താലൂക്കിൽ നിന്നുള്ളവർക്കായി 25ന് തൃക്കുളം ഗവ. ഹൈസ്‌കൂളിലും കൊണ്ടോട്ടി താലൂക്കിൽ നിന്നുള്ളവർക്കായി 26ന് മോയിൻകുട്ടി വൈദ്യർ സ്മാരകത്തിലുമാണ് അദാലത്തുകൾ നടത്തുന്നത്.
അദാലത്തിലേക്ക് നേരത്തെ പരാതി സമർപ്പിച്ചവരും അദാലത്തിൽ പങ്കെടുക്കുവാൻ അറിയിപ്പ് ലഭിച്ചവരുമായ മുഴുവൻ അപേക്ഷകർക്കും പങ്കെടുക്കാം. ധനസഹായം, പട്ടയം, ഭൂമി  തരം മാറ്റം, ജോലി സംബന്ധമായ പരാതികൾ എന്നിവ അദാലത്തിന്റെ പരിഗണനാ വിഷയങ്ങൾ അല്ലാത്തതിനാൽ ഇത്തരം പരാതികൾ നൽകിയവരെ അദാലത്തിലേക്ക് വിളിച്ചിട്ടില്ലെന്നും ഇവർക്കുള്ള മറുപടികൾ നേരിട്ട് തപാലിൽ നൽകിയിട്ടുണ്ടെന്നും മറുപടി ലഭിക്കാത്ത അപേക്ഷകർക്ക് അദാലത്തിൽ നേരിട്ടെത്തി മറുപടി കൈപ്പറ്റാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.  ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്തിൽ മന്ത്രിമാർ തീരുമാനം കൈക്കൊള്ളും. മന്ത്രിമാരെ നേരിട്ട് കാണുന്നതിനുള്ള ടോക്കൺ ബന്ധപ്പെട്ട കൗണ്ടറിൽ നിന്നും ലഭിക്കും. അദാലത്തിലേക്ക് നിശ്ചിത സമയത്ത് പരാതി സമർപ്പിക്കാൻ കഴിയാതിരുന്നവർക്കും അദാലത്ത് ദിവസം പുതിയ പരാതികൾ സമർപ്പിക്കാൻ അവസരമുണ്ടായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു

 

date