Skip to main content

അഞ്ചാം ദിവസവും ജനങ്ങൾ ഒഴുകിയെത്തി: എന്റെ കേരളം പ്രദർശന മേള നാളെ (മെയ് 16) സമാപിക്കും

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനി എ.വി സ്‌കൂളിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേള കാണാൻ അഞ്ചാം ദിവസവും ജനങ്ങൾ ഒഴുകിയെത്തി. പൊന്നാനി കാണാത്ത ജനത്തിരക്കാണ് ഇന്നലെ മേളയിൽ കണ്ടത്. ഒഴിവു ദിവസം കൂടിയായതിനാൽ നിരവധി പേരാണ് കുടുംബസമേതം മേളയിലെത്തിയത്. രാവിലെ രാവിലെ 'ബിസിനസ് വിജയത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റു പുതുസങ്കേതങ്ങളും' എന്ന വിഷയത്തിൽ വ്യവസായ വാണിജ്യ വകുപ്പ് നടത്തിയ സെമിനാറിലും ഉച്ചയ്ക്ക് ശേഷം നടന്ന മോട്ടോർ വാഹന വകുപ്പിന്റെ സെമിനാറിലും നിരവധി പേരാണ് പ്രേക്ഷകരായി എത്തിയത്. രാത്രി നടന്ന ബിൻസി-ഇമാം സൂഫീ സംഗീതം ആസ്വദിക്കാനും വൻ ജനക്കൂട്ടം ഒഴുകിയെത്തി. ഒട്ടുമിക്ക സ്റ്റാളുകളിലും ഫുഡ് കോർട്ടിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പൊന്നാനി നഗരസഭ ഒരുക്കിയ കിഡ്‌സ് പാർക്കിലും നിരവധി കുട്ടികളെത്തി. മെയ് 10ന് തുടങ്ങിയ മേള നാളെ (മെയ് 16) അവസാനിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖ്ഫ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പ്രദർശന മേളയിലെ മികച്ച സ്റ്റാളിനുള്ള അവാർഡ് സമാപന ചടങ്ങിൽ വിതരണം ചെയ്യും. ശഹബാസ് അമന്റെ സംഗീത വിരുന്നോടെ പരിപാടികൾക്ക് സമാപനമാകും.

 

date