Skip to main content

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ധനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: സെമിനാർ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവങ്ങൾക്ക് ഊർജമേകുന്ന ഇന്ധനമേതെന്നു ചോദിച്ചാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ഉത്തരമാകും ലഭിക്കുയെന്ന് എന്റെ കേരളം പ്രദർശന മേയിൽ വ്യവസായ വാണിജ്യ വകുപ്പ് നടത്തിയ സെമിനാർ അഭിപ്രായപ്പെട്ടു. 'ബിസിനസ് വിജയത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റു പുതുസങ്കേതങ്ങളും' എന്ന വിഷയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വിദഗ്ധൻ യാസർ ഖുത്തുബ് ക്ലാസെടുത്തു. ശക്തമായ ചലനങ്ങളാവും സമീപഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കുക. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ചെറുകിട വിൽപ്പന, ബാങ്കിങ് എന്നു വേണ്ട എല്ലാ മേഖലകളിലും ഇന്നു നമ്മൾ  ചിന്തിക്കുന്നതിലും വിപുലമായ തോതിലായിരിക്കും ഇതിന്റെ സ്വാധീനം. ഇവയടക്കമുള്ള പല മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതിനകം തന്നെ പ്രയോജനപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ആഗോള വിപണിയിൽ 36 ശതമാനം നിരക്കിൽ വളർന്നു കൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിപണി മൂല്യം 2025ൽ മൂന്നു ലക്ഷം കോടി ഡോളറിലെത്തുമെന്നാണു വിലയിരുത്തുന്നത്. സാധാരണക്കാരെ ആശങ്കപ്പെടുത്തുന്ന ചില ഘടകങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തങ്ങളുടെ ജോലിയെ എങ്ങനെയാവും ബാധിക്കുക എന്നതാണവരുടെ പ്രധാന ആശങ്ക.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നു വരുന്നതു മനുഷ്യർക്കു ജോലി ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാതാക്കുമെന്നാണ് ഈ മേഖലയിലെ ഏറ്റവും വലിയ വിമർശനം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട യഥാർഥ വസ്തുത  ഒരുപാട് അവസരങ്ങൾ സംരഭംകർക്കു ഒരുക്കി കൊടുക്കുകയാണ് ചെയുന്നതെന്നും സെമിനാറിൽ വിശദീകരിച്ചു. നിർമ്മിത ബുദ്ധി ഇവാന്റെ സ്വാഗത്തോടു കൂടിയാണ് സെമിനാർ ആരംഭിച്ചത്. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എ.കെ റഹ്‌മത്തുള്ള ആമുഖ പ്രസംഗം നടത്തി.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ  മാനേജർ രഞ്ജിത് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊന്നാനി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പൊന്നാനി താലൂക്ക്  ഉപജില്ലാ വ്യവസായ ഓഫീസർ എ.എൻ റഷീദ് സംസാരിച്ചു. ജില്ലാ വ്യവസായ  കേന്ദ്രം മാനേജർ ലതിക നന്ദി പറഞ്ഞു. സെമിനാറിൽ 200ഓളം  സംരഭംകർ  പങ്കെടുത്തു.

 

date