Skip to main content

മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി തുടരുന്നു, രണ്ട് ദിവസത്തിൽ കുടുങ്ങിയത് 18 പേർ

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതം. സിറ്റി പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള വിവിധ സ്റ്റേഷനുകളിലായി കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ (മെയ് 18, 19) പതിനാല് പേർക്കെതിരെ കേസെടുത്തു. മരട്, അമ്പലമേട്, തോപ്പുംപടി, കണ്ണമാലി, എറണാകുളം നോർത്ത്, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, കടവന്ത്ര, ഹാർബർ സ്റ്റേഷനുകളിലാണ് കേസുകൾ. റൂറൽ പോലീസ് പരിധിയിൽ നാലു പേർക്കെതിരെയും കേസെടുത്തു. 

ഇന്ത്യ൯ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് നിയമത്തിലെയും വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.

മെയ് 18

പൂണിത്തുറയിൽ പൊതു സ്ഥലത്ത് മാലിന്യം തള്ളിയതിന് പേട്ടയിലെ സെന്റ് മേരീസ് മെഡിക്കൽസ്, എസ്.എസ് മാർട്ട് വെജിറ്റബിൾസ് ആന്റ് പ്രൊവിഷ൯ സ്റ്റോർ എന്നീ സ്ഥാപനങ്ങളുടെ പ്രൊപ്രൈറ്റർമാർക്കെതിരെ മരട് പൊലീസ് കേസെടുത്തു.  കുഴിക്കാട് കര ആശ്രമം റോഡിൽ മാലിന്യം തള്ളിയതിന് അമ്പാടിമല ഞാണിക്കൽ എ൯.ആർ സാജു (52) വിനെ പ്രതിയാക്കി അമ്പലമേട് പോലീസ് കേസെടുത്തു. കളമശ്ശേരി തോഷിബ ജംഗ്ഷന് സമീപം ജൈവമാലിന്യവും പ്ലാസ്റ്റിക്കും തള്ളിയതിന് കാസർകോട് മാധുർ ജീലാനി നഗറിൽ അഫ്സ മ൯സിലിൽ യു. അബ്ദുൾ മുനീറി(40)തിരെ കളമശ്ശേരി നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തോപ്പുംപടി ജംഗ്ഷന് സമീപം മാലിന്യം തള്ളിയ കേസിൽ തോപ്പുംപടി വടക്ക൯ വീട്ടിൽ ജോസി (72) നെതിരെയാണ് തോപ്പുംപടി പൊലീസ് കേസെടുത്തത്.

മെയ് 19

വൈറ്റില മൊബിലിറ്റി ഹബ്ബിന് സമീപം മാലിന്യം തള്ളിയതിന് വൈറ്റില കൊച്ചുകുളങ്ങത്ത് സാനു പ്രി൯സി (28) നെതിരെ മരട് പോലീസ് കേസെടുത്തു. എറണാകുളം സൗത്ത് പാലത്തിന് സമീപം മാലിന്യം കൂട്ടിയിട്ടതിന് പത്തനംതിട്ട ചെറുകുളഞ്ഞി പുളിനിൽക്കുംപറമ്പിൽ ലിബി൯ ഊണിട്ടാ൯ ജോസഫ് (23), മട്ടാഞ്ചേരി 5/162ൽ എസ്.എച്ച് ഫൈസൽ (45) എന്നിവർക്കെതിരെ കേസെടുത്തു. ടി.എം. മുഹമ്മദ് റോഡിൽ കൊക്കേഴ്സ് തീയേറ്ററിന് സമീപം മാലിന്യം വലിച്ചെറിഞ്ഞതിന് തോപ്പുംപടി കൂട്ടുങ്ങൽ കെ.പി. പ്രവീണി (24)നെതിരെ ഫോർട്ടുകൊച്ചി പോലീസ് കേസെടുത്തു.

വെല്ലിംഗ്ടൺ ഐലന്റ് – കുണ്ടന്നൂർ റോഡിൽ പുതിയറോഡ് പാർക്കിന് സമീപം മാലിന്യം തള്ളിയതിന് തിരുവനന്തപുരം വക്കം മണലിൽ എ൯. എബിനെ (29) കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തു. അലക്സാണ്ടർ പറമ്പിത്തറ പാലത്തിന് സമീപം മാലിന്യം തള്ളിയതിന് തൃശൂർ പീലക്കാട് മൂത്തേടത്ത് എം.കെ. ഹസനെ (30) തിരെ ഹാർബർ പോലീസ് കേസെടുത്തു. കണ്ണമാലി പുത്ത൯തോട് പാലത്തിന് സമീപം മാലിന്യം തള്ളിയ കണ്ണമാലി കൊച്ചുപറമ്പിൽ ലിജോയ് ജേക്കബി (37) നെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസെടുത്തു. പനയപ്പള്ളി കാനൂസ് തീയേറ്ററിന് സമീപം മാലിന്യം തള്ളിയതിന് ഫോർട്ടുകൊച്ചി തുരുത്തി കടവളപ്പിൽ ഫൈസൽ സമദി (38)നെതിരെ മട്ടാഞ്ചേരി പോലീസ് കേസെടുത്തു.

റൂറൽ പോലീസ് പരിധിയിൽ മെയ് 18ന് പെരുമ്പാവൂർ, പിറവം പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസ് വീതം എടുത്തിട്ടുണ്ട്. മെയ് 19ന് അങ്കമാലി, കുറുപ്പംപടി സ്റ്റേഷനുകളിലും ഓരോ കേസ് വീതം രജിസ്റ്റർ ചെയ്തു.

date