Skip to main content

നവീകരണം പൂര്‍ത്തിയാകുന്നതോടെ കലൂര്‍-കടവന്ത്ര റോഡ് കൊച്ചിയുടെ പ്രധാന ആകര്‍ഷണ പാതയായി മാറും: മന്ത്രി എം.ബി രാജേഷ്

 

കലൂര്‍ - കടവന്ത്ര റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കൊച്ചിയുടെ പ്രധാന ആകര്‍ഷണ പാതയായി ഈ റോഡ് മാറുമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കൊച്ചി നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ കലൂര്‍-കടവന്ത്ര റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

നഗരത്തിലെ രണ്ട് പ്രധാനപ്പെട്ട ഇടങ്ങളെ ഒരു പാലം വഴി ബന്ധിപ്പിക്കുന്ന റോഡ് 22 മീറ്റര്‍ വീതിയിലും 3.2 കിലോമീറ്റര്‍ വീതിയിലുമാണ് നവീകരിക്കുന്നത്. കൊച്ചി മെട്രോയുടെ നോണ്‍ മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് സംരംഭങ്ങളുടെ ഭാഗമായി 20 കോടി രൂപയും ജിസിഡിഎയുടെ 10 കോടി രൂപയും ഉള്‍പ്പെടെ 30 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. 

സ്ത്രീ, ഭിന്നശേഷി സൗഹൃദപ്രദമായും ഫുട്പാത്ത്, ഡ്രൈനേജ്, വഴിവിളക്കുകള്‍, സ്ട്രീറ്റ് ഫര്‍ണിച്ചര്‍, ലാന്‍ഡ് സ്‌കേപ്പിംഗ് തുടങ്ങിയ സംവിധാനങ്ങളോടെയുമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

കൊച്ചി കേരളത്തിന്റെ മുഖമാണ്. കൊച്ചിയില്‍ നല്ലത് സംഭവിച്ചാല്‍ അതിന്റെ ഫലം കേരളത്തില്‍ മൊത്തത്തില്‍ ലഭിക്കും. ആധുനിക നഗരത്തിന്റെ സംവിധാനങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള എല്ലാവിധ സൗകര്യങ്ങളും കൊച്ചിയില്‍ നമുക്ക് ഒരുക്കാന്‍ കഴിയും. കലൂര്‍-കടവന്ത്ര റോഡ് അത്തരത്തില്‍ ഒരു മാതൃകയാണെന്നും മന്ത്രി പറഞ്ഞു. 

നഗരത്തിലെ പ്രധാന പ്രശ്‌നമായ മാലിന്യ സംസ്‌കരണത്തിലും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്.  അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ശുചിത്വവും പ്രധാന ഘടകമാണ്. സമൂഹ പുരോഗതിക്കൊപ്പം ശുചിത്വ പുരോഗതിയും കൈവരിക്കാന്‍ കൂട്ടായ പങ്കാളിത്തത്തിലൂടെ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

കലൂര്‍ മെട്രോ സ്റ്റേഷന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നടന്ന ചടങ്ങില്‍ ടി.ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍  ലോക്‌നാഥ് ബെഹ്റ, ജിസിഡിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.ബി സാബു, കെഎംആര്‍എല്‍ ഡയറക്ടര്‍ (പ്രൊജക്റ്റ് ) ഡോ.എം.പി രാം നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date