Skip to main content

തൃക്കാക്കര നഗരസഭയിൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

 

ജില്ലാ കളക്ടർ ഉദ്ഘാടനം നിർവഹിച്ചു 

സർക്കാർ സംവിധാനങ്ങൾ ഏറ്റവും അർഹത ഉള്ളവർക്ക് ലഭ്യമാക്കണമെന്ന് കളക്ടർ എൻ. എസ്. കെ. ഉമേഷ്‌ പറഞ്ഞു. തൃക്കാക്കര നഗരസഭയിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയുടെയും ശാരീരിക പരിമിതികൾ മനസിലാക്കി ഡോക്ടറുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന നഗരസഭയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും കളക്ടർ പറഞ്ഞു.

നഗരസഭയുടെ 2022- 23 ജനകീയാസൂത്രണ പദ്ധതി പ്രകാരം നാല് ലക്ഷം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. സ്റ്റാറ്റിക് സൈക്കിൾ, തെറാപ്പി മാറ്റ്, എയർ ബെഡ്, വിവിധ വീൽ ചെയറുകൾ ഉൾപ്പെടെ 25 പേർക്കാണ് ഉപകരണങ്ങൾ നൽകിയത്.

നഗരസഭ അങ്കണത്തിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എ. എ. ഇബ്രാഹീംകുട്ടി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സ്മിത സണ്ണി, സുനീറ ഫിറോസ്, ഉണ്ണി കാക്കനാട്, നൗഷാദ് പല്ലച്ചി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സി.ആർ. പ്രിയ, വിവിധ വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

date