Skip to main content

മിഷൻ അമൃത് സരോവർ:  ആമ്പിള്ളിച്ചിറ പുനരുദ്ധാരണം പുരോഗമിക്കുന്നു

 

മിഷൻ അമൃത് സരോവർ പദ്ധതിയുടെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ  വക്കുവള്ളി വാർഡിലെ ആമ്പിള്ളിച്ചിറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുൾപ്പെടുത്തിയാണ് ചിറ നവീകരിക്കുന്നത്. 

ഏകദേശം 70 സെന്റ് വിസ്തൃതിയുള്ള ജലാശയമാണ് ആമ്പിള്ളിച്ചിറ. പ്രദേശത്തെ പ്രധാന ജലാശയം കൂടിയാണിത്. പായലും ചെളിയും നീക്കി ചിറ വൃത്തിയാക്കുന്നതിനോടൊപ്പം ചുറ്റും ഫലവൃക്ഷത്തൈകളും മറ്റ് ചെടികളും വച്ചു പിടിപ്പിച്ച് സംരക്ഷിക്കും. നിലവിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒരാഴ്ച്ചകൊണ്ട് പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.  

പദ്ധതി വഴി തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊള്ളായിരത്തിൽ പരം തൊഴിൽ ദിനങ്ങളാണ് ലഭിക്കുക. രാജ്യത്തെ ഓരോ ജില്ലയിലെയും 75 ജലാശയങ്ങൾ വികസിപ്പിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അമൃത് സരോവർ പദ്ധതി നടപ്പിലാക്കുന്നത്.

date