Skip to main content

പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം: സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കി കര്‍ശന നടപടി സ്വീകരിക്കണം: മന്ത്രി എം.ബി രാജേഷ്

 

ഒരാഴ്ച്ച സ്‌പെഷല്‍ ഡ്രൈവ് നടത്തി റിപ്പോര്‍ട്ട് നല്‍കണം

പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം കര്‍ശനമായി തടയുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി നടപടികള്‍ സ്വീകരിക്കണമെന്ന് പോലീസിനും കോര്‍പറേഷനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദേശം നല്‍കി. കൂടുതല്‍ മാലിന്യം സൃഷ്ടിക്കുന്നിടങ്ങളായ ഫ്‌ളാറ്റുകള്‍, കല്യാണ മണ്ഡപങ്ങള്‍, ലോഡ്ജുകള്‍, ബേക്കറികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പോലീസിന്റെ സഹായത്തോടെ കോര്‍പറേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തി നടപടി സ്വീകരിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ കോര്‍പറേഷന്‍ നല്‍കിയ നോട്ടീസ് പ്രകാരം മാലിന്യസംസ്‌ക്കരണത്തിന് നടപടി സ്വീകരിക്കാത്തവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് നടപടികളുടെ റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കകം കോര്‍പറേഷന്‍ സെക്രട്ടി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൊച്ചി കോര്‍പറേഷനിലെ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ എണ്ണം വര്‍ധിപ്പിക്കും. മാലിന്യം തള്ളുന്ന പ്രദേശങ്ങളില്‍ കാമറകള്‍ സ്ഥാപിച്ച് കുറ്റം ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും.  ഹരിത കര്‍മ സേനയുമായി സഹകരിക്കാത്തവര്‍ക്ക് ജൂണ്‍ 1 നകം കോര്‍പറേഷന്‍ നോട്ടിന് നല്‍കും. യൂസര്‍ ഫീസ് നല്‍കാത്തവരില്‍ നിന്ന് പിഴ സഹിതം ഫീസ് ഈടാക്കുവാനും മന്ത്രി നിര്‍ദേശിച്ചു. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. അയ്യപ്പന്‍കാവിലെ സിഡ്‌കോയുടെ സ്ഥലം ആര്‍.ആര്‍.എഫ്(റിസോഴ്സ് റിക്കവറി ഫെസിലിറ്റി), എം.സി.എഫ്(മെറ്റിരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) എന്നിവ സ്ഥാപിക്കുന്നതിന് ഉപയോഗിക്കും. കോര്‍പറേഷനിലെ എല്ലാ ഡിവിഷനുകളിലും എം.സി.എഫ് അടിയന്തരമായി സ്ഥാപിക്കും. നിലവില്‍ 40 ഡിവിഷനുകളില്‍  എം.സി.എഫ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആര്‍.ആര്‍.എഫ് സ്ഥാപിക്കുന്ന നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കും. 

യോഗത്തില്‍ മേയര്‍ എം.അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഡെപ്യുട്ടി മേയര്‍ കെ.എ ആന്‍സിയ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഷ്‌റഫ്, കൊച്ചി സിറ്റി ഡെപ്യുട്ടി കമ്മീഷണര്‍ എസ്.ശശീധരന്‍, കോര്‍പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date