Skip to main content
എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച അധിക വരുമാനം മൂല്യ വർദ്ധിത  ഉൽപ്പന്നങ്ങളിലൂടെ എന്ന സെമിനാർ

വരുമാന വർധനയ്ക്ക് മൂല്യ വർദ്ധിത ഉപായങ്ങൾ പങ്കു വച്ച് സെമിനാർ

 

കോട്ടയം: ചക്കയിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കിയത് പോലെ മറ്റു ഉൽപന്നങ്ങളിൽ നിന്നും മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ സാധ്യതകൾ കണ്ടെത്തണമെന്നു കുമരകം കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജിഷ എ പ്രഭ. നാഗമ്പടത്തെ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച അധിക വരുമാനം മൂല്യ വർദ്ധിത  ഉൽപ്പന്നങ്ങളിലൂടെ എന്ന സെമിനാറിൽ വിഷയാവതരണം  നടത്തുകയായിരുന്നു  ഡോ. ജിഷ. വരുമാനമുണ്ടാക്കാൻ രണ്ടു മാർഗമാണുള്ളത്. ഒന്ന് ഉല്പാദന ചെലവ് കുറയ്ക്കുക. രണ്ട് ഉല്പന്നത്തിൽ നിന്നുള്ള മൂല്യം വർദ്ധിപ്പിക്കുക.
പാക്കേജിങ്ങിലോ കണ്ടെന്റിലോ പോഷക ഗുണം കൂട്ടിയോ മൂല്യം വർധിപ്പിക്കാം. ഏത് രീതിയിൽ മൂല്യം വർധിപ്പിച്ചാലും അത് മൂല്യ വർദ്ധിത ഉത്പന്നം തന്നെയാണ്. 
ഓരോ ഉല്പന്നങ്ങളുടെയും സാധ്യത കണ്ടെത്തി അത് എങ്ങനെ സംസ്കരിക്കണമെന്നും സംഭരിക്കണമെന്നും മനസിലാക്കണം. വിപണിയും കണ്ടെത്തണം. സീസണൽ  ഉല്പന്നങ്ങൾ ലഭ്യത അനുസരിച്ച് സംസ്കരിച്ച് സൂക്ഷിക്കണം.  
പഴമ കൈവിടാതെ പുതിയ സാധനങ്ങൾ വിപണിയിൽ  പുതുമയോടെ ഇറക്കണം.  ചക്ക, കിഴങ്ങ്  വർഗങ്ങൾ, ചെറുധാന്യങ്ങൾ, എന്നിവയ്ക്കെല്ലാം സാധ്യതകളുള്ളതിനാൽ അവയെ മൂല്യ വർധിത ഉത്പന്നങ്ങൾ ആക്കി മാറ്റാം. ജാതിക്കയിൽ നിന്ന് മൂല്യ വർദ്ധിത ഉൽപ്പന്നമായ മൗത്ത് വാഷ്  മുതൽ ടീ ബാഗ് വരെ ഉൽപാദിപ്പിക്കാം. വാഴപ്പിണ്ടി കൊണ്ട് കട്‌ലറ്റ്, വാഴപ്പഴത്തിൽ നിന്ന് സ്ക്വാഷ് ജ്യൂസ്, സിറപ്പ് , കപ്പയിൽ നിന്നു പാസ്ത, ന്യൂഡിൽസ്, മാക്രോണി,മണിച്ചോളം ,റാഗി ,ബജറ തുടങ്ങിയവ പൊടിച്ച് ചോക്ലേറ്റുകളും പലഹാരങ്ങളും ഉണ്ടാക്കാം എന്നും സെമിനാർ വിവരിച്ചു. ഉൽപന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതും അതിന്റെ പാക്കിംഗ് രീതികളെയും കുറിച്ച്  സെമിനാറിൽ വിശദീകരിച്ചു. കോഴ ആർ.എ. ടി.ടി.സി   ഡെപ്യൂട്ടി ഡയറക്ടർ  സി .ജോ ജോസ് മോഡറേറ്റർ ആയി.കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിജു തോമസ്, ഉഴവൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി ബിന്ദു ഹോർട്ടികൾച്ചർ  ഡിപാർട്ട്മെൻറ് ഡെപ്യൂട്ടി ഡയറക്ടർ ഗീത അലക്സാണ്ടർ ,കൂരോപ്പട കൃഷി ഓഫീസർ ആർ.സൂര്യമോൾ എന്നിവർ പങ്കെടുത്തു.

date