Skip to main content

ക്യൂ നിൽക്കേണ്ട, വിയർക്കേണ്ട: ബിൽ അടയ്ക്കൽ മുതൽ ആധാർ കാർഡ് വരെ നിമിഷ നേരത്തിൽ റെഡി

കുട്ടികളുടെ സ്കൂൾ അഡ്മിഷൻ  ആരംഭിച്ചതോടെ ചുറ്റുമുള്ള അക്ഷയ കേന്ദ്രങ്ങളിൽ ആധാർ എടുക്കുന്നതിനുള്ള തിരക്കാണ്. നിങ്ങളുടെ കുട്ടികൾക്ക് പുതിയ ആധാർ കാർഡെടുക്കാൻ ഇനി തിക്കിതിരക്കണ്ട. 'എന്റെ കേരളം' മെഗാമേളയിൽ കൗതുക കാഴ്ചകൾക്കൊപ്പം സൗജന്യ സേവനങ്ങളും തയ്യാർ. ആധാർ കാർഡ് എടുക്കുന്നതിനും തെറ്റുതിരുത്തുന്നതിനും മേളയിലെ അക്ഷയ കേന്ദ്രത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ആധാറിലെ മൊബൈൽ നമ്പർ പുതുക്കൽ, അഞ്ച് വയസിലും 15 വയസിലുമുള്ള നിർബന്ധിത ആധാർ പുതുക്കൽ എന്നീ സേവനങ്ങളും ഐ.ടി.മിഷന്റെ സ്റ്റാളിലുണ്ട്. 14 സർക്കാർ വകുപ്പുകളുടെ വിവിധ സേവനങ്ങൾ ആണ് സൗജന്യമായി എന്റെ കേരളം മേളയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ളത്.

പത്താം ക്ലാസ് വിജയികൾക്ക് ഉപരിപഠനത്തിനുള്ള വിദഗ്ധ നിർദേശങ്ങളും, കരിയർ ഗൈഡൻസും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സേവന സ്റ്റാളിൽ ലഭിക്കും. കൂടാതെ കേരള ഡിഫറെൻഷ്യൽ ടെസ്റ്റ് (കെ-ഡാറ്റ്) രജിസ്ട്രേഷനുള്ള സൗകര്യവുമുണ്ട്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സ്റ്റാളിൽ രജിസ്ട്രേഷൻ പുതുക്കൽ, സീനിയോറിറ്റി പുനസ്ഥാപിക്കൽ, സ്വയം തൊഴിൽ, കരിയർ ഗൈഡൻസ്, വൊക്കേഷണൽ ഗൈഡൻസ് സംബന്ധിച്ച വിവരങ്ങൾ എന്നീ സേവനങ്ങളാണ് നൽകുന്നത്. പേര് ചേർക്കൽ - ഒഴിവാക്കൽ, തെറ്റ് തിരുത്തൽ, മേൽവിലാസം തിരുത്തൽ തുടങ്ങി റേഷൻ കാർഡ് സംബന്ധമായ എല്ലാ സേവനങ്ങളുമായി പൊതുവിതരണ വകുപ്പിന്റെ സ്റ്റാളുകളും സജ്ജമാണ്.

പുരപ്പുറ സൗരോർജ്ജ പദ്ധതിക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ, വൈദ്യുതി കണക്ഷനുള്ള അപേക്ഷ, വൈദ്യതി ബില്ല് പേയ്‌മെന്റ് തുടങ്ങിയവ കെ.എസ്.ഇ.ബി സ്റ്റാളിൽ സ്വീകരിക്കും. യുണീക്ക് ഹെൽത്ത് ഐ.ഡി രജിസ്ട്രേഷൻ, യുണീക്ക് ഡിസെബിലിറ്റി ഐ.ഡി രജിസ്ട്രേഷൻ,  തുടങ്ങിയ നിരവധി സേവനങ്ങളാണ് ആരോഗ്യ വകുപ്പിന്റെ സ്റ്റാളിലുള്ളത്.

എ. ഐ. എം. എസ് പോർട്ടൽ രജിസ്ട്രേഷൻ, സ്മാം, പിഎം കിസ്സാൻ പദ്ധതി ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ, സംശയനിവാരണം എന്നിവ കൃഷിവകുപ്പിന്റെ സേവനങ്ങളിൽ ഉൾപ്പെടുന്നു. രജിസ്ട്രേഷൻ, ഇ-സ്റ്റാമ്പിങ്, സോഷ്യൽ രജിസ്ട്രേഷൻ, സ്പെഷ്യൽ മ്യാരേജ് തുടങ്ങിയവയെ കുറിച്ചുള്ള  സംശയ നിവാരണത്തിനായി, മേളയിലെ രജിസ്ട്രേഷൻ വകുപ്പിന്റെ സ്റ്റാളിലെത്താം. ഭൂനികുതി, ഭൂമിയുടെ തരം മാറ്റം, ഭൂമിയുടെ നിയമാനുസൃത അവകാശത്തെ കുറിച്ചുള്ള അന്വേഷണം എന്നിവയ്ക്കായി റവന്യൂ വകുപ്പിന്റെ സ്റ്റാളും, ഡിജിറ്റൽ  സർവ്വേയുമായി ബന്ധപ്പെട്ട  അന്വേഷണങ്ങൾക്കും സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിന്റെ സ്റ്റാളും  നിങ്ങൾക്ക് സന്ദർശിക്കാം.

മെയ് 27 വരെ രാവിലെ 10 മണി മുതൽ രാത്രി 9 മണിവരെ സേവന സ്റ്റാളുകൾ പ്രവർത്തിക്കും. എന്റെ കേരളം പ്രദർശന വിപണന ഭക്ഷ്യമേളയിൽ സേവന സ്റ്റാളുകൾ പ്രവർത്തനം ആരംഭിച്ച് വെറും രണ്ട് ദിവസങ്ങൾക്കകം 534 അപേക്ഷകൾ തീർപ്പാക്കി.

date